cyriac-joseph

തിരുവനന്തപുരം: കേരള ലോകായുക്തയായി മുൻ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചു. ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നിയമനം.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശയനുസരിച്ച് ഗവർണർ ജസ്റ്റിസ് പി.സദാശിവം നിയമന ഉത്തരവിൽ ഒപ്പുവച്ചു. കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് കേരള, ഡൽഹി ഹൈക്കോടതികളിൽ ജഡ്ജായും ഉത്തരാഖണ്ഡ്, കർണാടക ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്നു. തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്.

കേരള ലോകായുക്തയിൽ ഒഴിവുള്ള ഉപലോകായുക്ത പദവിയിലേക്ക് ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിനെ നിയമിച്ചു. എറണാകുളം ബോൾഗാട്ടി സ്വദേശിയായ ജസ്റ്റിസ് ബാബു മാത്യു എറണാകുളം ലാ കോളേജിൽ നിന്നാണ് നിയമബിരുദമെടുത്തത്. കേരള ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് വിരമിച്ചതിന് ശേഷം ആംഡ് ഫോഴ്സ്ട്രൈബ്യൂണൽ അംഗമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉപലോകായുക്തയായിരുന്ന കെ. പി. ബാലചന്ദ്രൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം. മൂന്നംഗ കേരളലോകായുക്തയിൽ നിലവിൽ ഉപലോകായുക്ത എ.കെ. ബഷീർ മാത്രമാണുള്ളത്.