kerala-assembly

തിരുവനന്തപുരം: അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും യഥാക്രമം വർദ്ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രിൽ മുതൽ നടപ്പിലാക്കും.അംഗൻവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 2018 ഒക്‌ടോബർ ഒന്നുമുതൽ ഇതിന് പ്രാബല്യമുണ്ടായിരിക്കും. ഇതുകൂടാതെ ഈ വർഷത്തെ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വർദ്ധനവ് കൂടിയാകുമ്പോൾ വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മാസം മുതൽ ലഭിക്കും. അംഗൻവാടിഹെൽപ്പർമാർക്ക് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ 250 രൂപ പെർഫോമൻസ് ഇൻസന്റീവ് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അംഗൻവാടി വർക്കർമാർക്കും 500 രൂപ പെർഫോമൻസ് ഇൻസന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ഒക്‌ടോബർ 1 മുതൽ കേന്ദ്ര സർക്കാർ അങ്കണവാടി വർക്കർമാരുടെ ഓണറേറിയം 3,000 രൂപയിൽ നിന്ന് 4,500 രൂപയായും ഹെൽപ്പർമാരുടെ ഓണറേറിയം 1,500 രൂപയിൽ നിന്ന് 2,250 രൂപയായും വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സർക്കാർ നൽകുന്നത്. ബാക്കി വരുന്ന അംഗൻവാടി വർക്കർമാർക്കുള്ള 8,800 രൂപയും ഹെൽപ്പർമാർക്കുള്ള 6,400 രൂപയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച വർദ്ധനവ് കൂടി പ്രാബല്യത്തിൽ വരുമ്പോൾ സംസ്ഥാന സർക്കാർ വിഹിതം 9,300 രൂപയും 6,650 രൂപയുമായി വർദ്ധിക്കും.

കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഐ.സി.ഡി.എസ്. പദ്ധതിയുടെ വിഹിതം 2017 ഡിസംബർ 1 മുതൽ 60:40ൽ നിന്നും 25:75 ആക്കി വെട്ടികുറച്ചിരിക്കുകയാണ്. അംഗൻവാടി ജീവനക്കാരുടെ ഓണറേറിയത്തിനുള്ള 60:40 അനുപാതത്തിലുള്ള വിഹിതം തൽക്കാലം വെട്ടിക്കുറച്ചിട്ടില്ലെങ്കിലും 258 ഐ.സി.ഡി.എസ്. പ്രോജ്ര്രക് ഓഫീസുകളിലും, 14 ജില്ലാതല ഐ.സി.ഡി.എസ്. സെല്ലുകളിലും, ഡയറക്ടറേറ്റിലും ഉണ്ടായിരുന്ന 2,755 സ്ഥിരം ജീവനക്കാരിൽ 1,904 ജീവനക്കാർക്ക് മാത്രമാണ് 25:75 അനുപാതത്തിൽ കേന്ദ്ര വിഹിതം അനുവദിക്കാൻ തയ്യാറായിട്ടുള്ളത്. 851 മിനിസ്റ്റീരിയൽ ജീവനക്കാരുടെ മുഴുവൻ ശമ്പളവും സംസ്ഥാന സർക്കാരിന്റെ ബാധ്യതയായിരിക്കുകയാണ്. ഐ.സി.ഡി.എസിന്റെ പേര് അംഗൻവാടി സർവീസസ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഓരോ വർഷവും 139 കോടി രൂപയാണ് അധികമായി സംസ്ഥാനത്തിന് ഈയിനത്തിൽ മാത്രം അധിക ബാധ്യതയായി വന്നിരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.