തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകുന്നു. കോൺക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും.ആയുഷ് കോൺക്ലേവിന് മുന്നോടിയായി എൽ.എസ്.ജി. ലീഡേഴ്‌സ് മീറ്റ്, ആരോഗ്യ എക്‌സ്‌പോ എന്നിവ ഇന്നാരംഭിക്കും.കേന്ദ്ര മന്ത്രി ശ്രീപദ് യശോനായക് , മന്ത്രി കെ.കെ ശൈലജ , ഡെപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, കേരള യൂണിവേ്‌ഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം.കെ.സി. നായർ എന്നിവർ പങ്കെടുക്കും. രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, ഗവേഷകർ, വ്യവസായ മേഖലയിലെ വിദഗ്ദ്ധർ, സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കും.ഇന്ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ എൽ.എസ്.ജി മീറ്റ് നടക്കും. പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികൾ അവതരിപ്പിക്കും. നാളെ രാവിലെ 11.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഹാളിൽ ഗുഡ് ഫുഡ് കോൺക്ലേവ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.കെ ഹരീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ഇന്ന് മുതൽ 18 വരെ പൊതുജനങ്ങൾക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവർത്തകർക്കുമായി ജവഹർ ബാലഭവൻ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകൾ സംഘടിപ്പിക്കും.