vizinjam-port

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടൽ തുറമുഖം 2020 ഒക്ടോബറിൽ തുറക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ രാജേഷ് ത്ധാ പറഞ്ഞു. 2019 ഡിസംബർ നാലിനാണ് നിർദ്ദിഷ്ട സമയം പൂർത്തിയാകുന്നത്.എന്നാൽ ഒാഖി ചുഴലിക്കാറ്റിൽ ഇതുവരെ നിർമ്മിച്ചതിൽ പലതും ഒലിച്ചുപോയി. നിർമ്മാണസാമഗ്രികൾക്കും നിർമ്മാണം പൂർത്തിയാക്കിയവയ്ക്കും നാശനഷ്ടമുണ്ടാക്കി. അതെല്ലാം പുനർനിർമ്മിക്കാനും നന്നാക്കാനുമുള്ള പണികൾ പൂർത്തിയായിട്ടില്ല. മൊത്തം നിർമ്മാണത്തിന്റെ 25 ശതമാനം ഒാഖിയിൽ നശിച്ചെന്ന് രാജേഷ് ത്ധാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2015 ആഗസ്റ്റിലാണ് സംസ്ഥാന സർക്കാരുമായി കരാറൊപ്പിട്ടത്. ഡിസംബർ 5ന് പണി തുടങ്ങി. ദീർഘകാലപദ്ധതിയെന്ന നിരവധി ഘടകങ്ങൾ ഒരുമിച്ചുവന്നാലേ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുകയുള്ളു. ഒാഖിയെക്കൂടാതെ പാറ കിട്ടാനുള്ള പ്രായസങ്ങളും നിശ്ചിതസമയത്ത് പണി പൂർത്തിയാക്കാൻ തടസമായി. ഇതുമൂലം നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടവുമുണ്ടായി. എന്നിരുന്നാലും മൊത്തം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നില്ല.സംസ്ഥാനസർക്കാരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നിലവിൽ 800 മീറ്റർ ജെട്ടിയുടെ നിർമ്മാണം പൂർത്തിയായി. ഉപകരണങ്ങൾ പിടിപ്പിക്കുന്ന ജോലി നടന്നുവരികയാണ്. ജപ്പാനിലും ചെെനയിലും നിന്നാണ് ഇവ കൊണ്ടുവരുന്നത്. നിലവിൽ 21 പാറക്വാറികൾ വാങ്ങിയിട്ടുണ്ട്. പലതും പലഘട്ടങ്ങളിലാണ്. പരിസ്ഥിതി വ്യവസ്ഥകൾ പൂർത്തിയാക്കി രണ്ടെണ്ണത്തിൽ നിന്ന് മൂന്നുമാസത്തിനുള്ളിൽ പാറ കിട്ടിത്തുടങ്ങും.

7525 കോടിരൂപ ചെലവ് വരുന്ന അദാനി വിഴിഞ്ഞം പോർട്ടിന് 4089 കോടി നിർമ്മാണകരാർ പങ്കാളികളും 1635 കോടിരൂപ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വയബിലിറ്റി ഗ്യാപ് ഫണ്ടായും നൽകും. ഇതിന് പുറമെ തുറമുഖത്തിന് പുറത്തുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കേണ്ടത് സംസ്ഥാന സർക്കാരും അതിന് സഹായം നൽകേണ്ടത് കേന്ദ്രസർക്കാരുമാണ്. ജലവിതരണപദ്ധതി അന്തിമഘട്ടത്തിലാണ്. വൈദ്യുതി ലൈൻ നിർമ്മാണത്തിനായി കാട്ടക്കടയിൽ നിന്ന് 220കെ.വി.ലൈൻ നിർമ്മാണം തുടങ്ങി. ഇൗ വർഷം ആഗസ്റ്റിൽ പൂർത്തിയാകും. ദേശീയ പാത 66 കോവളം - കഴക്കൂട്ടം ബൈപ്പാസ് റോഡിലേക്ക് രണ്ടു കിലോമീറ്റർ കണക്ടിവിറ്റി റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. റെയിൽവേ കണക്ടവിറ്റിക്കായി 10.7 കിലോമീറ്റർ റെയിൽ ലൈൻ നിർമ്മിച്ച് തിരുവനന്തപുരം - നാഗർകോവിൽ മെയിൻ ലൈനുമായി ബന്ധിപ്പിക്കും. ഇതിനുള്ള കരാർ കൊങ്കൺ റെയിൽവേയ്ക്ക് നൽകി. ഡി.പി.ആർ. തയ്യാറായി. 2022 ൽ നിർമ്മാണം പൂർത്തിയാകും. കൂടാതെ വിഴിഞ്ഞം കേന്ദ്രമാക്കി പുതിയ ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികളും സർക്കാർ തുടങ്ങി.