നെടുമങ്ങാട്: കിള്ളിയാറിന് കുറുകെയുള്ള വട്ടപ്പാറ - നെടുമങ്ങാട് റോഡിൽ വാളിക്കോട്ട് പുതിയ പാലം നിർമ്മിക്കാനായി നിലവിലെ ആർച്ച് പാലം പൊളിച്ചതോടെ ഇരുകരകളിലും താമസിക്കുന്നവരും കോളേജ് വിദ്യാർത്ഥികളും ദുരിതത്തിലായി. കിള്ളിയാർ കടക്കാൻ ആറിന് കുറുകെ താത്കാലിക നടപ്പാലം നിർമ്മിച്ചെങ്കിലും കാൽനടക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നതായാണ് പരാതി. വെള്ളമൊഴുകാൻ ആറിന് നെടുകെ കുഴലുകൾ സ്ഥാപിച്ച ശേഷം അതിനുമുകളിൽ പ്ലാസ്റ്റിക് ചാക്കിൽ മണ്ണ് നിറച്ചാണ് കാൽനടയ്ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. നീരൊഴുക്ക് തടഞ്ഞതോടെ ഒരുഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കാൽ തെന്നിയാൽ യാത്രക്കാർ വെള്ളക്കെട്ടിൽ പതിക്കും. ബലം കുറഞ്ഞ നൂൽ കനത്തിലുള്ള കമ്പിയാണ് ഇവിടെ സുരക്ഷാ വേലിയായി വലിച്ചു കെട്ടിയിരിക്കുന്നത്.
ഇരുവശത്ത് നിന്നും യാത്രക്കാർ എത്തുമ്പോൾ കടന്നുപോകാൻ ദേഹമുരുമ്മണം. മഴയത്ത് നിറഞ്ഞൊഴുകുന്ന കിള്ളിയാറിൽ ബണ്ട് മാതൃകയിലുള്ള നടപ്പാലം മുങ്ങുമെന്ന ആശങ്കയുമുണ്ട്. മാലിന്യമടിഞ്ഞ് കുഴലുകൾ അടഞ്ഞാൽ നടപ്പാലം പൂർണമായി ഒലിച്ചു പോകാനുള്ള സാദ്ധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഗവൺമെന്റ് കോളേജ് വിദ്യാർത്ഥികളും നെട്ട, മണക്കോട് നിവാസികളും ഉൾപ്പടെ നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്. പാലത്തിന്റെ അശാസ്ത്രീയമായ നിർമ്മാണം ഇവരുടെ ജീവന് ഭീഷണിയായി തീർന്നിരിക്കുകയാണ്.
4.90 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. ഒന്നര വർഷമാണ് കരാർ കാലാവധിയെങ്കിലും പണി പൂർത്തിയാക്കി എപ്പോൾ തുറന്നു കൊടുക്കുമെന്ന് പറയാൻ പറ്റില്ല. വാഹന ഗതാഗതം മറ്റു റോഡുകളിലൂടെ ക്രമീകരിച്ചെങ്കിലും കാൽനടയ്ക്ക് ഇതുവഴി സൗകര്യം ഒരുക്കിയേ മതിയാവു. ഇതുകണക്കിലെടുത്ത് പി.ഡബ്ലിയു.ഡിയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച താത്കാലിക നടപ്പാലമാണ് വെറും വഴിപാടായത്.