rajendran

തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ ഡോ. രേണുരാജുവിനോട് അപമര്യാദയായി പെരുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്ക് സി.പി.എം ഇടുക്കി ജില്ലാകമ്മിറ്റിയുടെ ശാസന. പാർട്ടി അച്ചടക്കനടപടിയുടെ ഭാഗമാണിത്. ജില്ലാകമ്മിറ്റി രാജേന്ദ്രനെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വാർത്താലേഖകരോട് സ്ഥിരീകരിച്ചു.

പാർട്ടിക്കുള്ളിൽ മാത്രമുള്ള ശാസനയാണ് ജില്ലാ കമ്മിറ്റി രാജേന്ദ്രനെതിരെ എടുത്തിരിക്കുന്നത്. 'പരസ്യ ശാസന' അല്ലാത്തതിനാൽ പരസ്യപ്പെടുത്തിയിട്ടില്ല. പാർട്ടി അച്ചടക്ക നടപടികളിലെ ആദ്യത്തേതാണ് ശാസന. അടുത്ത സംസ്ഥാന സമിതിയിൽ നടപടി അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സി.പി.ഐയുമായുണ്ടായ ഉഭയകക്ഷി ചർച്ചയിൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചിരുന്നു.
മൂന്നാറിലെ സംഭവത്തിൽ എം.എൽ.എയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണൻ ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'സ്ത്രീകളോട് മാത്രമല്ല, പുരുഷ ഉദ്യോഗസ്ഥരോടും അങ്ങനെ ഒരാൾ പെരുമാറാൻ പാടില്ല. എം.എൽ.എ ചെയ്ത നടപടി തെറ്റാണെന്ന് പാർട്ടി വിലയിരുത്തി. അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വേണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതിന്റെ ഭാഗമാണ് സബ്കളക്ടർ ആയി വരുന്ന ഉദ്യോഗസ്ഥർ അവിടെ ഇടപെടുന്നത്. അവർ ഇടപെടുന്നത് നിയമാനുസൃതമാണ്. അവരെ കുറ്റം പറയാൻ പറ്റില്ല'- കോടിയേരി പറഞ്ഞു.