vizinjam-port

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരത്തേക്ക് ടണൽ റെയിൽപ്പാതയുടെ നിർമ്മാണം ഇൗ വർഷം തുടങ്ങും. 2022 ൽ പൂർത്തിയാകും. നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടണൽ റെയിൽപ്പാത തിരുവനന്തപുരത്തിന് സ്വന്തമാകും.

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തെ പ്രധാന റെയിൽവേ ലൈനുമായി ബന്ധിപ്പിക്കാനാണ് ടണൽപ്പാത നിർമ്മിക്കുന്നത്. തിരുവനന്തപുരം - കന്യാകുമാരിപ്പാതയിലേക്ക് ബാലരാമപുരത്തുവെച്ചാണിത് ചേരുക. കൊങ്കൺ റെയിൽവേയ്ക്ക് നിർമ്മാണ കരാർ കൈമാറി. അവർ ഡി.പി.ആർ തയ്യാറാക്കി സമർപ്പിച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി അംഗീകരിച്ചാൽ ഇൗ വർഷം തന്നെ നിർമ്മാണനടപടികളാരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപ്പോർട്ട് ലിമിറ്റഡ് സി.എം.ഡി ഡോ. ജയകുമാർ പറഞ്ഞു.

1069 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രത്യേക കമ്പനി രൂപീകരിച്ചായിരിക്കും നിർമ്മാണവും നടത്തിപ്പും. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.7കിലോമീറ്ററാണ് റെയിൽപ്പാത നിർമ്മിക്കുക. ഇതിൽ 9.2കിലോമീറ്റർ തുരങ്കത്തിലൂടെയായിരിക്കും. പ്രധാനമായും ചരക്ക് കടത്തിന് മാത്രമായിരിക്കും റെയിൽവേ ലൈൻ പ്രവർത്തിക്കുക.

വിഴിഞ്ഞത്തിന് പുതിയ ടൗൺഷിപ്പ്

റെയിൽവേ ലൈനിന് പുറമെ വിഴിഞ്ഞം കേന്ദ്രമാക്കി പുതിയ ടൗൺഷിപ്പ് തുടങ്ങാനും സർക്കാർ നടപടി തുടങ്ങി. ഇതിനുള്ള കരാർ അഹമ്മദാബാദ് കേന്ദ്രമായുള്ള സെന്റർ ഫോർ എൻവിറോൺമെന്റിനാണ് നൽകിയിരിക്കുന്നത്. വിശദമായ പദ്ധതിരേഖ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും.

ഭൂമി വികസിപ്പിക്കുന്നതിന് പുതിയ നിയമം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പാരിപ്പിള്ളിവരെ ആറുവരിപ്പാത നിർമ്മിക്കുന്നുണ്ട്. ഇതിന് രണ്ടരകിലോമീറ്റർ ചുറ്റുപ്പാടിലായി 400 ച.കിലോമീറ്റർ പ്രദേശത്ത് നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിമെന്റ് റീജൺ ആക്ട് എന്ന പേരിൽ പുതിയ നിയമം കൊണ്ടുവരും.