തിരുവനന്തപുരം: യു.ഡി.എഫ് സ്‌ക്രീനിൽ തരൂരിന്റെ ചിത്രം തന്നെ തെളിഞ്ഞതോടെ എതിരിടാൻ യോഗ്യനാരെന്ന് തലപുകയ്‌ക്കുകയാണ് ഇടതു മുന്നണിയും ബി.ജെ.പിയും. അതാണ് കിട്ടാത്തതും. ആദ്യ മത്സരത്തിലെ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ വെറും പതിനയ്യായിരത്തിലേക്കു താഴ്‌ന്നെങ്കിലും തലസ്ഥാനത്ത് തരൂർ ഇപ്പോഴും യാഗാശ്വമാണെന്നതാണ് സ്ഥിതി.
2014- ൽ മൂന്നാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ട എൽ.ഡി.എഫിനാണ് നെഞ്ചിടിപ്പ് കൂടുതൽ. സി.പി.ഐയുടെ ടിക്കറ്റ് മണ്ഡലമാണ്. അതിങ്ങു തിരിച്ചെടുത്താലോ എന്ന് സി.പി.എം ഇടയ്‌ക്ക് ആലോചിച്ചെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. സി.പി.ഐയ്‌ക്ക് ആകട്ടെ, കഴിഞ്ഞ തവണ ബെന്നറ്റ് എബ്രഹാമിനെ ഇറക്കി പെയിഡ് സ്ഥാനാർത്ഥി എന്ന ചീത്തപ്പേര് കേൾപ്പിച്ചതിന്റെ ക്ഷീണം മാറിയിട്ടുമില്ല. ഇത്തവണ ദേശീയ നേതാവ് ആനി രാജയുടെ പേരു വരെ ആലോചനയിലുണ്ടെങ്കിലും മാർച്ച് ആദ്യവാരം കഴിഞ്ഞേ തീരുമാനമാകൂ. എന്തായാലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒരു ക്ളൂ നൽകിയിട്ടുണ്ട്: സി.പി.ഐയ്‌ക്ക് ഇത്തവണ വനിതാ സ്ഥാനാർത്ഥിയുണ്ടാകും. എങ്ങനെയൊക്കെ ഗുണിച്ചും ഹരിച്ചും നോക്കിയാലും ആനി രാജയല്ലാതെ ഒരു പേരു കാണാനില്ല.
തരൂരിന്റെ ഭൂരിപക്ഷം ലക്ഷത്തിൽ നിന്ന് 15,000-ത്തിലേക്കു താഴ്‌ത്തിയത് ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവമെന്നു കരുതിയാൽപ്പോലും മണ്ഡലത്തിൽ ബി.ജെ.പി വോട്ട് വർദ്ധിച്ചുവരുന്നു എന്നത് വെറും മനക്കണക്കല്ല. അതിനൊപ്പം ശബരിമല വിഷയത്തിൽ പ്രതീക്ഷിക്കുന്ന വിശ്വാസി വോട്ടുകൾ കൂടി ചേർത്താൽ തരൂരിനെ തടുക്കാമെന്നാണ് ബി.ജെ.പിയുടെ തിയറി. പക്ഷേ, പറ്റിയ സ്ഥാനാർത്ഥി വേണം. കുമ്മനം, കെ.സുരേന്ദ്രൻ, സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയ പേരുകളൊക്കെ കേൾക്കുന്നുണ്ട്. മോഹൻലാലിനെ ഇറക്കി മത്സരത്തിന് സൂപ്പർസ്റ്റാർ പോരാട്ടത്തിന്റെ വീര്യം പകരാൻ ആലോചിച്ചിരുന്നെങ്കിലും ലാൽ പറഞ്ഞു: തത്‌കാലം നല്ല ജോലിത്തിരക്കുണ്ട്.
ഒരു കൂട്ടരെയും കണ്ണടച്ചു വിശ്വസിക്കാത്ത മണ്ണാണ്. കോൺഗ്രസിനും ഇടതു മുന്നണിക്കും മാറിമാറി ജയം കിട്ടിയപ്പോഴൊക്കെ കാരണം പറഞ്ഞിരുന്നത് നായർ, നാടാർ വിഭാഗങ്ങളിലെ വോട്ട് മറിച്ചിലുകളാണ്. ഇൗഴവ, മുസ്ളീം, ക്രിസ്ത്യൻ സമുദായങ്ങൾ കുറവല്ലെങ്കിലും വോട്ട് ബാങ്കെന്നു പറയാവുന്നത് നായർ, നാടാർ വിഭാഗങ്ങൾ തന്നെ. ഇരൂകൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ടെക്‌നിക് ശശി തരൂരിന് മന:പാഠമാണു താനും. ഇടതു സ്ഥാനാർത്ഥി കരുത്തനല്ലെങ്കിൽ പോരാട്ടം യു.ഡി.എഫും ബി.ജെ.പിയും നേർക്കുനേരെയാകും. അങ്ങനെയെങ്കിൽ ബി.ജെ.പി, കേന്ദ്രത്തിൽ നിന്ന് നിർമ്മല സീതാരാമനെയോ, രാജ്യസഭാ എം.പി സുരേഷ് ഗോപിയെയോ കൊണ്ടുവന്നാലും അദ്‌ഭുതപ്പെടാനില്ല.
ഒാർക്കാപ്പുറത്ത് ഒരു ഭീഷണി വന്നത് പാർട്ടിയുമായി ഇടച്ചിലിലായ മുതിർന്ന നേതാവ് പി.പി. മുകുന്ദന്റെ മത്സര പ്രഖ്യാപനമാണ്. തലസ്ഥാനത്ത് താൻ ഒറിജിനൽ ഔദ്യോഗിക സ്ഥാനാർത്ഥി ആയിരിക്കുമെന്ന് മുകുന്ദൻ പറയുന്നത്. ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മുകുന്ദൻ രംഗത്തിറങ്ങിയാൽ ബി.ജെ.പി കണക്കുകൾ തകിടംമറിയും.
നിയമസഭാ മണ്ഡലങ്ങൾ
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം,കോവളം,നെയ്യാറ്റിൻകര,പാറശ്ശാല
2014- ലെ വോട്ട് നില
ശശി തരൂർ (യു.ഡി.എഫ്) 2,97,806
ഒ. രാജഗോപാൽ (ബി.ജെ.പി) 2,82,336
ബെന്നറ്റ് എബ്രഹാം (എൽ.ഡി.എഫ്) 2,48,941
ശശി തരൂരിന്റെ ഭൂരിപക്ഷം: 15,470