.
2-1
ആംസ്റ്റർഡാം : കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിൽ പ്രയോഗിച്ച് വിജയം കണ്ട വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനത്തിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം വിവാദത്തിന്റെ അകമ്പടിയോടെ. ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഡച്ച് ക്ളബ് അയാക്സും തമ്മിലുള്ള ആദ്യ പാദ പ്രീക്വോർട്ടർ മത്സരത്തിലാണ് യുവേഫ ആദ്യമായി വാർ പ്രയോഗിച്ചത്. ഇതിലൂടെ അയാക്സ് നേടിയ ഒരു ഗോൾ റഫറി ഒഫ് സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഇത്. രണ്ടാംപകുതിയിൽ റയൽ രണ്ട് ഗോളുകൾ നേടി 2-1 എന്ന മാർജിനിൽ വിജയിക്കുകയും ചെയ്തു.
അയാക്സിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 60-ാം മിനിട്ടിൽ കരിം ബെൻ സേമയും 87-ാം മിനിട്ടിൽ മാർക്കോ അസൻഷ്യോയും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. 75-ാം മിനിട്ടിൽ സിയേഷാണ് അയാക്സിന്റെ ആശ്വാസ ഗോൾ നേടിയത്.
ഇരുടീമുകളും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാർട്ടർ മത്സരം മാർച്ച് 5ന് നടക്കും. നിലവിലെ ചാമ്പ്യന്മാരാണ് റയൽ മാഡ്രിഡ്.
വാർ ആൻഡ് ഒഫ് സൈഡ്
മത്സരത്തിന്റെ 37-ാം മിനിട്ടിലാണ് കാണികളെ ആകാംക്ഷയിലാഴ്ത്തിയ നിമിഷങ്ങളുണ്ടായത്. തൊട്ടുമുമ്പ് കിടിലനൊരു സേവ് നടത്തിയ റയൽ ഗോളി തിബൗകുർട്ടോയ് അലക്ഷ്യമായി തട്ടിയകറ്റിയ ഒരു ക്രോസിന് തലവച്ച് തഗ്ളിയാഫിക്കോ വലയിലാക്കുകയായിരുന്നു. അയാക്സ് താരങ്ങൾ ഗോളെന്നുറപ്പിച്ച് ആഘോഷം തുടങ്ങിയെങ്കിലും റഫറി വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടുകയായിരുന്നു. നിരവധി തവണ ദൃശ്യങ്ങൾ പരിശോധിച്ച റഫറി ഡാമിർ സ്കോമിന ഒടുവിൽ അയാക്സ് താരം ടാഡിക് ഒഫ് സൈഡ് പൊസിഷനിലായിരുന്നുവെന്ന് കണ്ടെത്തി ഗോൾ അനുവദിച്ചില്ല. അയാക്സ് താരങ്ങളെയും ആരാധകരെയും ഒരേപോലെ നിരാശരാക്കിയ ഇൗ തീരുമാനം റയലിന് ഏറെ ആശ്വാസം പകർന്നു.
1-0
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 60-ാം മിനിട്ടിൽ റയൽ സ്ട്രൈക്കർ കരിം ബെൻസേമയാണ് സ്കോറിംഗ് തുടങ്ങിവച്ചത്. വിനീഷ്യസ് ജൂനിയർ ഇടത് വിംഗിൽ നിന്ന് കട്ട് ചെയ്ത് നൽകിയ ക്രോസാണ് ബെൻ സേമ വലയിലാക്കിയത്.
1-1
15 മിനിട്ടിനകം തിരിച്ചടിച്ച് അയാക്സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇടതുവിംഗിൽകൂടിയുള്ള ഒരു നീക്കത്തിൽ നിന്നായിരുന്നു ഇൗ ഗോളിന്റെയും പിറവി. ഡേവിഡ് നെരെസ് നൽകിയ ക്രോസാണ് സിയേഷ് അഞ്ചുവാര അകലെനിന്ന് വലയിലേക്ക് കയറ്റിവിട്ടത്.
2-1
സമനിലയിലവസാനിപ്പിക്കുമെന്ന് തോന്നിപ്പിച്ച കളിക്ക് ഫലമുണ്ടാക്കിയത് പകരക്കാരനായിറങ്ങിയ മാർക്കോ അസൻഷ്യോയാണ്. 73-ാം മിനിട്ടിൽ ബെൻസേമയ്ക്ക് പകരമാണ് അസൻഷ്യോ ഇറങ്ങിയത്. 87-ാം മിനിട്ടിൽ ഡാനി കർവാഹാലൽ നൽകിയ ക്രോസിൽ നിന്നായിരുന്നു അസൻഷ്യോയുടെ ഗോൾ.
600
റയൽ ക്യാപ്ടനും ഡിഫൻഡറുമായ സെർജിയോ റാമോസ് ക്ളബിന്റെ കുപ്പായത്തിൽ കളിച്ച അറുനൂറാമത് മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ഇൻജുറി ടൈമിൽ റാമോസ് മഞ്ഞക്കാർഡ് കാണുകയും ചെയ്തു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മഞ്ഞക്കാർഡ് കണ്ടിരുന്ന റാമോസിന് അയാക്സിനെതിരായ രണ്ടാംപാദ പ്രീക്വാർട്ടറിൽ കളിക്കാനാവില്ല.
തഗ്ളിയാ ഫിക്കോയുടെ ഹെഡർ വലയിൽ കയറിയപ്പോൾ തന്നെ അത് ഒഫ് സൈഡാണോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. വാറിലൂടെ യാഥാർത്ഥ്യമെന്തെന്ന് മനസിലാക്കാൻ കഴിഞ്ഞു. ഒരു പക്ഷേ വീഡിയോ റഫറി ഇല്ലായിരുന്നുവെങ്കിൽ അത് ഗോളായേനെ.
തിബൗ കൗർട്ടോ
റയൽ ഗോളി
ആ ഗോൾ നിഷേധിക്കാൻ ഒരു കാരണവുമില്ല. തഗ്ളിയാഫിക്കോ ഹെഡ് ചെയ്യുമ്പോൾ
ട്രാഡിഫ്
ഒഫ് സൈഡായിരുന്നില്ല. റഫറിയുടെയും വാറിന്റെയും തീരുമാനം ശരിവയ്ക്കുന്ന ഒന്നും ഞാൻ കണ്ടില്ല. റയലിനെക്കാൾ നല്ല കളിയാണ് ഞങ്ങൾ കാഴ്ചവച്ചത്. വിജയിക്കാൻ ശരിക്കും അർഹത ഞങ്ങൾക്കായിരുന്നു.
എറിക് ടെൻഹാഗ്
അയാക്സ് കോച്ച്