sudhakar-reddy
Sudhakar reddy

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബി.ജെ.പിയുടെ രണ്ടാംനിരയായി അധഃപതിച്ച കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി.പി.ഐ ജനറൽസെക്രട്ടറി എസ്. സുധാകർ റെഡ്ഡി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ഇടതുമുന്നണിയുടെ തെക്കൻ മേഖലാജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതര, ജനാധിപത്യ ഘടനയ്ക്കും തുല്യനീതിക്കുമെതിരായ നിലപാട് കോൺഗ്രസിൽ നിന്നുണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. ലിംഗസമത്വത്തിനെതിരെ കോൺഗ്രസ് യുദ്ധത്തിനിറങ്ങുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ എതിരാളികളെ നേർക്കുനേർ എതിരിടാൻ കഴിവില്ലാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി മുതലിങ്ങോട്ട് മുഖ്യമന്ത്രിമാർ തൊട്ടുള്ള രാഷ്ട്രീയനേതാക്കൾക്കെതിരെ കള്ളക്കേസുകളുണ്ടാക്കുകയാണെന്നും സുധാകർ റെഡ്ഡി ആരോപിച്ചു.

ശബരിമല വിഷയത്തിൽ ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്തത്. ആചാരത്തിന്റെ പേര് പറഞ്ഞ് രംഗത്ത് വരിക വഴി കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയമുതലെടുപ്പിനാണ് ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതുൾപ്പെടെ പങ്കാളിത്തത്തോടെ നവോത്ഥാന വെളിച്ചത്തിലേക്ക് നയിക്കപ്പെട്ട കേരളത്തെ 18-ാം നൂറ്റാണ്ടിലേക്ക് തിരിച്ചു നടത്തിക്കുകയാണിവർ. ഇതനുവദിച്ചുകൂടാ. സുപ്രീംകോടതിവിധി വന്നപ്പോൾ കോൺഗ്രസും ബി.ജെ.പിയും അതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്. ആർ.എസ്.എസും സ്വാഗതം ചെയ്തെങ്കിലും അത് ഡൽഹിയിൽ മാത്രമായിരുന്നു. മഹാരാഷ്ട്രയിൽ സമാനവിധി നടപ്പാക്കിയ ബി.ജെ.പി കേരളത്തിൽ വിരുദ്ധനിലപാടെടുത്തത് ഇവിടെ ഇടതുസർക്കാർ അധികാരത്തിലിരിക്കുന്നത് കൊണ്ടാണ്. ജനക്ഷേമ നടപടികളുമായി മുന്നോട്ട്പോകുന്ന ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിരിടാൻ കഴിയാത്തതിനാലാണ് ഇത്തരം അവസരവാദ നിലപാട്.

രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്ക ഉടലെടുത്തിരിക്കുന്നു. ഗോരക്ഷയുടെ പേരിൽ നൂറുകണക്കിന് ദളിതർ കൊല്ലപ്പെട്ടു. അഖണ്ഡഭാരതത്തെക്കുറിച്ച് മോദി ഇപ്പോൾ പറയുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേപ്പാളുമെല്ലാം ചേർന്നുള്ള അഖണ്ഡഭാരതമെന്നത് 21-ാം നൂറ്റാണ്ടിൽ സാധിക്കുന്നതാണോ? രാഷ്ട്രത്തിന്റെ അജൻഡ നിശ്ചയിക്കേണ്ടത് പാർലമെന്റാണെങ്കിലും ഇവിടെ നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയമാണ് അത് ചെയ്യുന്നത്. സംഘപരിവാറുകാർ ഒഴിച്ചുള്ളവരെല്ലാം ദേശവിരുദ്ധരെന്നാണ് പ്രചരിപ്പിക്കുന്നത്. ധനികരും ദരിദ്രരും തമ്മിലെ വിടവ് വൻതോതിലായി. രാജ്യസമ്പത്തിന്റെ 70 ശതമാനവും ഒരു ശതമാനം വരുന്ന കോർപറേറ്റുകളുടെ കൈയിലാണ്. തൊഴിലില്ലായ്മ 6.1 ശതമാനമായി പെരുകി. പാർലമെന്റും ആർ.ബി.ഐയും സി.ബി.ഐയും ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധമാക്കുകയാണെന്നും സുധാകർ റെഡ്ഡി ആരോപിച്ചു.

ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു. ക്യാപ്ടനെയും ജാഥാംഗങ്ങളെയും ആദരിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി. ദിവാകരൻ, ആർ. ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്, എ. നീലലോഹിതദാസ്, എ. സമ്പത്ത്, വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.