തിരുവനന്തപുരം: യാത്രയിലുടനീളം നോട്ടെണ്ണൽ യന്ത്രം ഒരു പാർട്ടി കൊണ്ടുനടക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.എം. മാണിയുടെ കൈയിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം കെ.പി.സി.സിയെ ഏല്പിച്ചിരിക്കുകയാണെന്ന് ബോദ്ധ്യമായെന്നും പൂജപ്പുരയിൽ ഇടതുമുന്നണിയുടെ തെക്കൻമേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങിൽ കോടിയേരി പറഞ്ഞു.
12500രൂപ പിരിച്ചുകൊടുത്താലെ യാത്രാ സ്വീകരണകേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർക്ക് പ്രവേശനമുള്ളൂ. അത് കൊടുക്കാത്ത കമ്മിറ്റികളെ കെ.പി.സി.സി പ്രസിഡന്റ് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. യാത്ര തുടങ്ങിയ ശേഷം ഒരു ദിവസം പത്ത് കമ്മിറ്റികളെ വീതം അദ്ദേഹം പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയായാൽ യാത്ര തിരുവനന്തപുരത്തെത്തുമ്പോഴേക്കും എത്ര കമ്മിറ്റികൾ ബാക്കിയുണ്ടാവും?
ഞങ്ങൾ ഇന്ത്യയെ കണ്ടെത്തി, ഇനി ഞങ്ങൾ ഇന്ത്യയെ രക്ഷിക്കും എന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ യാത്രയിൽ പറയുന്നത്. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണോ കോൺഗ്രസുകാർ ഇന്ത്യയെ കണ്ടെത്തിയത്? 55കൊല്ലം ഭരിച്ചിട്ടും എന്തുകൊണ്ട് കണ്ടെത്താനായില്ല? അങ്ങനെയുള്ള കോൺഗ്രസിന് ഇപ്പോൾ കണ്ടെത്തിയാൽ രക്ഷിക്കാനാവുമോ?
ഇടതുമുന്നണി യാത്രയുടെ ലക്ഷ്യം പണസമാഹരണമല്ല. ഇത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമാണ്. ശക്തമായ മതനിരപേക്ഷ സംസ്കാരമുള്ള കേരളത്തിൽ ആ അടിത്തറയെ തകർക്കാൻ വർഗ്ഗീയശക്തികൾ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോൺഗ്രസും ബി.ജെ.പിയും ഓരോ സംസ്ഥാനത്തെയും കോർപ്പറേറ്റ് വത്കരണത്തിലേക്ക് നയിക്കുമ്പോൾ സാമൂഹ്യനീതിയിലധിഷ്ഠിതവും സർവ്വതലസ്പർശിയുമായ ബദൽ വികസനനയം ഉയർത്തിപ്പിടിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷസർക്കാർ. കേരളത്തെ സഹായിക്കുന്ന സർക്കാർ കേന്ദ്രത്തിലുണ്ടായെങ്കിൽ കൂടുതൽ വികസനം നടപ്പാക്കാനാവുമായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പോടെ മോദിഭരണത്തെ പുറത്താക്കി മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തണം. അതിന് ഇടതുപക്ഷം വിജയിക്കണം. കോൺഗ്രസുകാരെ വിജയിപ്പിച്ചാൽ ബി.ജെ.പിയെ പുറത്താക്കാനാവില്ല. വിവിധ സംസ്ഥാനങ്ങളിൽ ജയിച്ച കോൺഗ്രസുകാരെല്ലാം ബി.ജെ.പിയിലേക്ക് പോവുകയാണെന്നും കോടിയേരി പരിഹസിച്ചു.