ഗോഹട്ടി : ഇന്ത്യൻ അത്‌ലറ്റിക്സിലെ പുതിയ താരോദയമാണ് ഹിമദാസ്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി ചരിത്രം കുറിച്ച ഹിമ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിലും മെഡലണിഞ്ഞിരുന്നു. അസാമിലെ നഗാവോൺ ജില്ലയിലെ ഖണ്ഡുലിമാരി എന്ന ഗ്രാമത്തിൽ നിന്നാണ് അന്താരാഷ്ട്ര അത്‌ലറ്റിക്സിലെ സൂപ്പർതാരമായിു ഹിമയുടെ വളർച്ച.
ട്രാക്കിൽ മിന്നൽപ്പിണരാകുന്ന ഹിമ ഇപ്പോൾ മറ്റൊരു ഒാട്ടത്തിലാണ്. 12-ാം ക്ളാസ് പരീക്ഷ എഴുതാനുള്ള ഒാട്ടത്തിൽ. ഗോഹട്ടിയിലെ സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് ഇപ്പോൾ ഹിമയുടെ താമസവും പരിശീലനവും. പഠനം 120 കിലോമീറ്റർ അകലെ നഗാവോണിലെ ധിൻദ് ജൂനിയർ കോളേജിലും. പരീക്ഷയ്ക്കായി ദിവസവും പരിശീലനം കഴിഞ്ഞ് ഇൗ ദൂരം യാത്ര ചെയ്തുമടങ്ങുകയാണിപ്പോൾ ഹിമ.
പരിശീലനത്തിനൊപ്പം പഠനത്തിനും പ്രാധാന്യം നൽകുകയാണ് ഹിമ. പരിശീലനത്തിനും മത്സരങ്ങൾക്കുമിടയിൽ കിട്ടുന്ന കുറച്ചുസമയത്താണ് പഠനം. പരീക്ഷയ്ക്ക് വേണ്ടി പരിശീലനം ഒഴിവാക്കാനും കഴിയുന്നില്ല. അതുകൊണ്ട് ഇത്രദൂരം യാത്ര ചെയ്ത് പരീക്ഷയെഴുതുക, തിരിച്ചെത്തി പരിശീലനം തുടരുക എന്നതായി തീരുമാനം.
ഇൗവർഷം നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങൾ ഹിമയെ കാത്തിരിപ്പുണ്ട്. മാർച്ച് 15 മുതൽ പട്യാലയിൽ ഫെഡറേഷൻ കപ്പ് തുടങ്ങുകയാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിൽനിന്നാണ്.