pulwama-attack

ശ്രീനഗർ: 44 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി വീണ്ടുമൊരു സർജിക്കൽ സ്ട്രൈക്കിനുള്ള സാദ്ധ്യത ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടക്കുമെന്ന അഭ്യൂഹമാണ് ദേശീയ മാദ്ധ്യമങ്ങൾ വാർത്ത ആക്കിയിരിക്കുന്നത്. 2016ൽ നടന്ന ഉറി ഭീകരാക്രമണത്തേക്കാൾ വലിയ ആക്രമണമാണ് ഇന്നലെ കാശ്മീരിൽ നടന്നത്.

ഭീകരർക്ക് തിരിച്ചടിയുടെ സൂചന നൽകിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ ഭീകരാക്രമണത്തോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്ന സൂചനകൾ ഇതിനോടകംതന്നെ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വരുന്നുമുണ്ട്. ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ സുരക്ഷാ ഉപദേഷ്ടാവായ കെ.വിജയകുമാറാണ് പ്രാഥമിക അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണ് വിജയകുമാർ.

350 കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു, ആക്രമണത്തിൽ പാകിസ്താനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നാണോ ഇവ സംഭരിച്ചത്, എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളിൽ അന്വേഷണം നടക്കും. കാശ്മീരിൽ നിന്ന് ഭീകർക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചും അന്വേഷിക്കും. 15 വർഷത്തിനിടെ ആദ്യമായാണ് ഭീകരർ ചാവേറാക്രമണത്തിന് കാർ ഉപയോഗിക്കുന്നത്.

സുരക്ഷാ കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിതല സമിതി യോഗം ഇന്ന് രാവിലെ 9.15 ന് ഡൽഹിയിൽ തുടങ്ങി. എൻ.ഐ.എ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവരുടെ സംഘമാണ് കാശ്മീരിലേക്ക് തിരിച്ചിരിക്കുന്നത്. ഇവർ ഇന്ന് രാവിലെ ഭീകരാക്രമണം നടന്ന സ്ഥലത്ത് എത്തിച്ചേരും.