ambalapuzha-news

അമ്പലപ്പുഴ: രാത്രിയിൽ പ്രതികളെ തപ്പിയിറങ്ങിയ പൊലീസ് സംഘത്തിലെ എസ്.ഐയുടെ കൈ തല്ലയൊടിച്ചത് കൊലക്കേസ് പ്രതി. തോട്ടപ്പള്ളി ലിറ്റിൽവേയ്ക്ക് സമീപം നേരത്തെ നടന്ന സംഘട്ടനത്തിലെ പ്രതികൾ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് പൊലീസ് എത്തിയത്. ഈ സമയം അക്രമി സംഘത്തിലെ കൊലക്കേസ് പ്രതി വെളിയത്ത് കിഴക്കേതിൽ വിഷ്ണുലാൽ (ലാലാച്ചി-25‌‌)​ അമ്പലപ്പുഴ എസ്.ഐ രാധാകൃഷ്ണന്റെ കൈ തല്ലിയൊടിക്കുകയും സി.ഐ ബിജു.വി.നായരുടെ തലയ്ക്കിട്ട് തൊട്ടികൊണ്ട് അടിക്കുകയും സി.പി.ഒ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസുകാരെത്തിയാണ് വിഷ്ണു ലാലിനെ പിടികൂടിയത്.

ബുധനാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. കല്ലേറുണ്ടായതിനെ തുടർന്ന് അക്രമികളുടെ പിന്നാലെ ഓടി വിഷ്ണുലാലിന്റെ വീടിന് മുന്നിലെത്തിയപ്പോൾ ഇയാൾ അസഭ്യം പറയുകയും മർദ്ദനം അഴിച്ചുവിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.ഐയെ മർദ്ദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് എസ്.ഐ രാധാകൃഷ്ണന്റെ കൈ തല്ലിയൊടിച്ചതും സി.പി.ഒ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് കുടുതൽ പൊലീസുകാരെത്തി വിഷ്ണുവിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു വർഷം മുമ്പ് കരുവാറ്റയിൽ നടന്ന ജിഷ്ണു കൊലക്കേസിലെ പ്രതിയാണ് വിഷ്ണുലാൽ. ഈ കേസിന്റെ വിസ്താരം മാവേലിക്കര കോടതിയിൽ നടക്കുകയാണ്. ബാറിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണുലാൽ. പൊലീസുകാരെ തടഞ്ഞതിന് ഇയാളുടെ അച്ഛൻ വിനുലാൽ, അമ്മ മിനി എന്നിവർക്കെതിരെയും കേസെടുത്തു. പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് ഇവർ ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. സംഘത്തിലെ മറ്റ് ക്രിമനലുകൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.