തൃപ്പൂണിത്തുറ: കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഓടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി. എരൂർ പാമ്പാടിത്താഴം കോളനിക്ക് സമീപം കുണ്ടേറ്റിൽ വീട്ടിൽ അക്ഷയ് (22) ആണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടത് .ഇയാളെ രക്ഷപെടാൻ സഹായിച്ച സുഹൃത്തായ തൃപ്പൂണിത്തുറ തെക്കുംഭാഗം പാലേപ്പറമ്പിൽ നിഥിനെയും (22) പിടികൂടി.
പ്രതികളെ കോടതിയിൽ ഹാജരാക്കി. പെറ്റി കേസുകളിൽ പ്രതിയായ അക്ഷയ്ക്ക് കോടതി പലതവണ സമൻസ് അയച്ചെങ്കിലും ഹാജരാകാത്തതിനെ തുടർന്ന് വാറന്റ് പുറപ്പെടുവിച്ചിരുന്നു .ഇതേ തുടർന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ ഇരിക്കെയാണ് അക്ഷയ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.