കൊല്ലം: ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ അറസ്‌റ്ര് ചെയ്‌തു. എഴുകോൺ സ്വദേശി അഖിലിനെയാണ് ഇന്നലെ രാത്രി കിളികൊല്ലൂരിൽ നിന്ന് പൊലീസ് അറസ്‌‌റ്ര് ചെയ്‌തത്. കിളികൊല്ലൂർ പൊലീസ് സ്‌റ്രേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാറാണ് (47) ആക്രമിക്കപ്പെട്ടത്. കല്ലുംതാഴം ജംഗ്‌ഷനിൽ ഇന്നലെ വൈകിട്ട് ആറോടെ ബൈക്കിൽ വന്ന മൂന്നുപേർ ട്രാഫിക് സിഗ്നൽ ലംഘിച്ചതിനെ തുടർന്ന് പൊലീസുകാരൻ കൈ കാണിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. ദിലീപ് ‌കുമാറിന്റെ മൊബൈൽ ഫോൺ നിലത്ത് എറിഞ്ഞുടച്ച ശേഷം മുഖത്തടിക്കുകയും ചെയ്‌തു. കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിൽ രാത്രിയോടെ പിടിയിലായത്. അഖിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ‌ കേരളപുരം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞ‌ിട്ടുണ്ട്. ഇവർ ഒളിവിലാണ്. ബൈക്ക് പൊലീസ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിൽ ഹാജരാക്കും. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർ‌വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവമേൽപ്പിക്കൽ, ട്രാഫിക് നിയമലംഘനം തുടങ്ങിയ വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്.