കൊല്ലം: കല്ലുംതാഴം ബൈപ്പാസ് ജംഗ്‌ഷനിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. രാത്രി 12 ഓടെ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കടവൂർ ഭാഗത്ത് നിന്ന് ബൈപ്പാസിലൂടെ മേവറം റൂട്ടിലേക്ക് നീങ്ങുകയായിരുന്ന ടിപ്പർ ലോറിയിൽ കുണ്ടറ റൂട്ടിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് യുവാക്കളെയും കൺട്രോൾ റൂം പൊലീസ് പാർട്ടിയെത്തി മേവറം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയും ബൈക്കും റിക്കവറി വാനുപയോഗിച്ച് പൊലീസ് നീക്കി.