കോട്ടയം: കടമ്പനാട് മണ്ണടിയിൽ വീടിന്റെ കതക് കുത്തിപ്പൊളിച്ച് മോഷണം. മണ്ണടി കാലായ്ക്ക് കിഴക്ക് പേരാമ്പ്ര മോഹനൻപിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. 13 പവന്റെ ആഭരണങ്ങളാണ് കവർന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മോഹനൻപിള്ള വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ വീട് പൂട്ടിയ ഭാര്യയും പിതാവും അമ്മയും സമീപത്തെ കുടുംബ വീട്ടിലാണ് കിടന്നത്. ഇന്നലെ രാവിലെ വീട് തുറക്കാൻ ചെന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള വാതിൽ കുന്താലി ഉപയോഗിച്ച് പൊളിച്ച ശേഷം കിടപ്പുമുറിയിൽ കയറിയ മോഷ്ടാവ് അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. അലമാരയിലെ തുണികൾ വലിച്ചുവാരിയിട്ട നിലയിലാണ്.
വീട്ടുകാർ അലമാര പൂട്ടി താക്കോൽ അതിൽത്തന്നെ വച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ മഞ്ഞൾപ്പൊടി വിതറിയിരുന്നു. അടൂർ ഡിവൈ.എസ്.പി തോമസ്, എസ്.ഐ സന്തോഷ്, എ.എസ്.ഐ ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി തെളിവെടുത്തു.