abdu
അബ്ദുള്ള

തിരുവനന്തപുരം:ഇടവയിൽ പട്ടികജാതി യുവാവിനെ മൺവെട്ടിക്ക് തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി
തമിഴ്നാട്ടിലെ ഒളിത്താവളത്തിൽ നിന്ന് പൊലീസിന്റെ പിടിയിലായി. ഇടവ മാന്തറ ചരുവിള വീട്ടിൽ അബ്ദുള്ളയാണ് (40) പിടിയിലായത്. ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിച്ചെന്നാരോപിച്ച് അയൽവാസിയായ കുഴയ്ക്കാട്ട് പുത്തൻവിള വീട്ടിൽ പരേതരായ മോഹന്റെയും ബേബിരാജിന്റെയും മകൻ അനന്തു മോഹനെ (24) മൺവെട്ടിക്ക് തലയ്ക്കടിച്ചുകൊന്ന കേസിലാണ് ഇയാൾ കസ്റ്റഡിയിലായത്.

ഇക്കഴിഞ്ഞ ജനുവരി 30ന് രാത്രി 11.30 നായിരുന്നു സംഭവം. വീട്ടിൽ നിന്ന് കുഴയ്ക്കാട് ജംഗ്ഷന് സമീപത്തെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന അനന്തുവിനെ പെട്രോൾ അപഹരിക്കാനെത്തിയതാണെന്ന് സംശയിച്ച് അബ്ദുള്ള റോഡിൽ തടഞ്ഞുനിർത്തി. മർദ്ദനത്തിനിടെ സമീപത്തെ പറമ്പിലേക്ക് ഓടിയ അനന്തു വാഴയിൽ ഇടിച്ച് നിലത്തുവീണു. തറയിൽ വീണുകിടന്ന അനന്തുവിനെ മൺവെട്ടിക്ക് തലങ്ങും വിലങ്ങും അടിച്ച് അവശനാക്കിയശേഷം അബ്ദുള്ള രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും ചേർന്ന് അനന്തുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അടുത്തദിവസം മരണപ്പെടുകയായിരുന്നു.

കൊല്ലത്ത് അയത്തിൽ മാരുതി സർവ്വീസ് സെന്ററിൽ പോളിഷ് മേക്കറായിരുന്നു അനന്തു. വലതുതോൾ മുതൽ താഴേക്ക് അടിയേറ്റ പാടുകളുണ്ടായിരുന്ന അനന്തുവിന്റെ തലയിൽ മൺവെട്ടിക്ക് അടിച്ചതാണ് മരണത്തിന് കാരണമായത്.സംഭവത്തിന് പിറ്റേദിവസം അബ്ദുള്ളയെ നാട്ടുകാ‌ർ കടപ്പുറത്ത് നിന്ന് പിടികൂടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് വിസമ്മതിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അനന്തുവിന്റെ മരണമറിഞ്ഞ് നാടുവിട്ട അബ്ദുള്ളയെ ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് തമിഴ്നാട് ഇസ്ളാം പെട്ടിക്ക് സമീപത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുന്ന ഇയാളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം കോടതിയിൽ ഹാജരാക്കും. മുമ്പ് കത്തിക്കുത്ത് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുള്ളയെന്ന് പൊലീസ് പറഞ്ഞു.