adil-

പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദർ സ്കൂളിൽ തികച്ചും അന്തർമുഖനായ ഒരു വിദ്യാർത്ഥിയായിരുന്നു. കായിക ഇനങ്ങളിൽ പങ്കെടുക്കില്ല. ഒഴിഞ്ഞുമാറി ഒറ്റപ്പെട്ട് നടക്കും. പഠനത്തിൽ ശരാശരി വിദ്യാർത്ഥി. 12-ാം ക്ളാസിൽ പഠിത്തം നിറുത്തി. 2018 മാർച്ചിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകര ഗ്രൂപ്പിൽ അംഗമായത്.

നാണം കുണുങ്ങിയായ ഒരു ഗ്രാമീണ ബാലനെ രക്തദാഹിയായ മനുഷ്യബോംബാക്കി മാറ്റാൻ ഭീകര സംഘടനയ്ക്ക് കഴിഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കുന്നതാണ് ആക്രമണത്തിന് മുമ്പ് ആദിൽ പ്രത്യക്ഷപ്പെട്ട വീഡിയോ. ഭൗതിക സുഖങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് യുദ്ധത്തെ വാഴ്‌‌ത്തുകയാണ് ആദിൽ വീഡിയോയിൽ. ആദിലിൽ ഭീകരർ നടത്തിയ 'ബ്രെയിൻ വാഷ് " വീഡിയോയിൽ വായിക്കാം.

''ഇസ്ളാമിന്റെ വീര്യവും മഹിമയും അന്തസും പേറുന്ന പതാക ഇന്ത്യൻ മഹാശക്തിക്ക് മുന്നിൽ ഇനിയും അധീനപ്പെടുത്തിയിട്ടില്ലാത്ത എന്റെ ജനങ്ങൾക്ക് നമസ്‌കാരം" എന്നാണ് ആദിൽ പറഞ്ഞു തുടങ്ങുന്നത്

''അടിച്ചമർത്തൽ നിറുത്തണമെന്ന് ഞങ്ങൾ യാചിക്കില്ല. പക്ഷേ ഞങ്ങളെ അടിച്ചമർത്താൻ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞങ്ങൾ നശിപ്പിക്കും. മസൂദ് അഷറിന്റെ അനന്തരവനെ കൊന്നതിന്റെ പ്രതികാരമാണ് ഈ ക്രിയ." പ്രതികാരത്തിന്റെയും യുദ്ധത്തിന്റെയും ഇരുട്ട് കയറിയ ആദിൽ ദറിന്റെ തലയിൽ നിന്ന് വന്ന വാക്കുകളാണിവ. ആക്രമണം നടന്നതിന് പത്ത് കിലോമീറ്റർ ചുറ്റളവിലായിരുന്നു ആദിൽ താമസിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജയ്‌ഷെ മുഹമ്മദിന്റെ നിരകൾക്ക് വൻ തിരിച്ചടി ഇന്ത്യൻ സേനയുടെ ഭാഗത്തു നിന്ന് നിരന്തരമുണ്ടായി. 250 ഭീകരന്മാർ കാലപുരി പൂകി. പ്രധാന കമാൻഡർമാരെല്ലാം വെടിയുണ്ടയ്ക്കിരയായി. അപ്പോഴാണ് ഭീകരർ ചുവട് മാറ്റി ഗ്രാമീണ ബാലന്മാരെ വലയിട്ട് പ്രത്യാക്രമണ പദ്ധതികൾക്ക് രൂപം നൽകിയത്.

കാകപോറ ഗ്രാമത്തിലെ ഗാന്ധിബാഗ് എന്ന സ്ഥലത്താണ് വഖാസ് എന്ന ആദിൽ ദർ ജനിച്ചത്. ആദിൽ ഭീകര സംഘടനയിൽ ചേർന്നതിന്റെ മൂന്നാം മാസം ഇയാളുടെ വീട് സൈനികർ അഗ്നിക്കിരയാക്കിയിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇത്.കഴിഞ്ഞ 30 വർഷത്തിനിടെ നടക്കാത്ത കനത്ത പ്രതികാര നടപടിക്ക് ഭീകരർക്ക് കഴിഞ്ഞു എന്നത് സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അതും ഒരു വെറും ബാലനിലൂടെ.