loka-kerala-sabha-

ദുബായ്: ലോകകേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന് ദുബായ് എത്തിലസാത്ത് അക്കാഡമി ഹാളിൽ തുടക്കമായി. രാവിലെ ഇന്ത്യയുടെയും യു.എ.ഇയുടെയും ദേശീയഗാനാലാപനത്തോടെ തുടങ്ങിയ സമ്മേളനത്തിന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ സ്വാഗതം ആശംസിച്ചു. നോർക്ക വൈസ് ചെയ‌ർമാൻ കെ.വരദരാജൻ ആമുഖ പ്രഭാഷണം നടത്തി. ഗൾഫിലെ ഭാവി തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ചും പി.ടി.കുഞ്ഞുമുഹമ്മദ്, വിനയ്ചന്ദ്രൻ, ബെന്യാമിൻ എന്നിവർ പ്രസംഗിച്ചു.

യു.എ.ഇ സമയം വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സഭ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി.ശ്രീരാമക‌ൃഷ‌ണൻ അദ്ധ്യക്ഷനാവും. ചീഫ് സെക്രട്ടറി ടോംജോസ് സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തും. പശ്ചിമേഷ്യയിലെ പ്രമുഖ മലയാളി വ്യവസായികളായ ഡോ.എം.എ.യൂസഫലി, ഡോ.രവി പിള്ള, ‌‌ഡോ.ആസാദ് മൂപ്പൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ട് പ്രമുഖ മലയാളികൾ പ്രഭാഷണം നടത്തും.

വൈകിട്ട് 7മുതൽ സാംസ്കാരിക പരിപാടികളുണ്ട്. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് ആമുഖ പ്രസംഗം നടത്തും. തുടർന്ന് 15000 പ്രവാസി മലയാളികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. എത്തിലസാത്ത് അക്കാഡമിയിലെ തുറന്ന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. എല്ലാ എമിറേറ്റുകളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ആശാശരത് അവതരപ്പിക്കുന്ന ദേവഭൂമിക എന്ന സംഗീത നൃത്തശിൽപ്പവും അരങ്ങേറും.