ദുബായ്: കേരളത്തിനു പുറത്ത് ആദ്യമായി നടക്കുന്ന ലോകകേരള സഭ പശ്ചിമേഷ്യൻ സമ്മേളനം ആഘോഷമാക്കുകയാണ് പ്രവാസികൾ. അവധിയായിട്ടും സഭ ചേരുന്ന ദുബായ് എത്തിസലാത്ത് അക്കാഡമിയിലേക്ക് വെള്ളിയാഴ്ച രാവിലെ മുതൽ പ്രവാസികളുടെ ഒഴുക്കാണ്. വൈകിട്ട് അക്കാഡമിയിലെ തുറന്ന വേദിയിൽ 15000 പ്രവാസികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യുന്നുണ്ട്. പ്രവാസി ക്ഷേമത്തിനുള്ള പെൻഷൻ, ഡിവിഡന്റ് പദ്ധതികളും പുനരധിവാസ പദ്ധതികളും ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രവാസി ലോകത്തിന്റെ പ്രതീക്ഷ.
പ്രവാസി നിക്ഷേപം സ്വരൂപിക്കാൻ പ്രത്യേക കമ്പനി, പ്രവാസി ഗവേഷണത്തിന് അന്താരാഷ്ട്ര പ്രവാസി പഠന കേന്ദ്രം, മടങ്ങിയെത്തുന്ന പ്രവാസികളുടെ ആഭിമുഖ്യത്തിലുള്ള നിർമ്മാണ കമ്പനി, പുനരധിവാസ പദ്ധതികൾ എന്നിവയും ലോകകേരളസഭയിൽ പ്രഖ്യാപിക്കും. കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ഉയർന്ന ഡിവിഡന്റും ജീവിതാവസാനം വരെ പെൻഷനും നൽകുന്ന പദ്ധതിയും പ്രഖ്യാപിക്കും. ചുരുങ്ങിയത് 5 ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവർക്ക് പെൻഷൻ പദ്ധതിയിൽ അംഗമാകാം. കേരളത്തിന്റെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യ വികസനനിധിയിലോ (കിഫ്ബി) സമാന ഏജൻസികളിലോ ആണ് ഈ പണം നിക്ഷേപിക്കുക. 12 ശതമാനം പലിശത്തുക ഡിവിഡന്റായി നിക്ഷേപകന് നൽകും. അഞ്ച് വർഷം പൂർത്തിയായാൽ പ്രതിമാസ വരുമാനം ലഭിച്ചുതുടങ്ങും. ഇതിനുശേഷം എപ്പോൾ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയാലും പെൻഷനും ലഭിക്കും. പ്രതിമാസം മിനിമം 2000 രൂപയാണ് പെൻഷൻ.
ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ല ചിലവ് പൂർണമായി നോർക്ക വഹിക്കാൻ ധാരണയായിട്ടുണ്ട്. ഇതിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും ചർച്ചകളുണ്ടാവും. 5ലക്ഷം വരുന്ന നോർക്ക അംഗങ്ങൾക്ക് വിമാനക്കൂലിയിൽ 10ശതമാനം വരെ ഇളവിനും കരാറൊപ്പിടും ഒമാൻ എയർ ഇതിനകം 7ശതമാനം ഇളവിന് കരാറൊപ്പിട്ടു. ഇൻഡിഗോ, കുവൈറ്റ് എയർലൈനുകളും ഉടൻ കരാറാവും.
പ്രവാസികളുടെ ക്ഷേമ, തൊഴിൽ പ്രശ്‌നങ്ങളും മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ചർച്ചയാവും. സഭയുടെ ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ 48 ശുപാർശകൾ സർക്കാരിന് നൽകിയിട്ടുണ്ട്. 3.5 മില്യൺ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 150 അംഗങ്ങൾ സഭയിൽ പങ്കെടുക്കും. യു.എ.ഇയിലെ മലയാളികളെ പ്രതിനിധീകരിച്ച് 25 പേരുണ്ടാവും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, കെ.സി. ജോസഫ് എം.എൽ.എ, ചീഫ് സെക്രട്ടറി ടോംജോസ്, പ്രവാസികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധിബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്നുണ്ട്.