vld-1-

വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ളാംപഴിഞ്ഞി വനിതാ സംവരണ വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി. പ്രഭ 193 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെയുള്ള 897 വോട്ടിൽ 708 പോൾ ചെയ്തു. 374 വോട്ട് പ്രഭയ്ക്ക് ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി സുജകുമാരി 181 വോട്ടോടെ രണ്ടാം സ്ഥാനത്തും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു 153 വോട്ടോടെ മൂന്നാം സ്ഥാനത്തുമായി. ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. യു.ഡി.എഫ് അംഗം ഗീത ശിശുപാലൻ സർക്കാർ ജോലി ലഭിച്ചതിനാൽ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 14 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് അംഗങ്ങൾ വീതവും ബി.ജെ.പിക്ക് 2 അംഗങ്ങളും രണ്ട് സ്വതന്ത്രൻമാരുമാണ്. ഒരു കോൺഗ്രസ് അംഗം രാജിവച്ചതോടെ യു.ഡി.എഫിന് നാലംഗങ്ങളുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളു. സീറ്റ് വീണ്ടും യു.ഡി.എഫ് പിടിച്ചതോടെ അംഗസംഖ്യ അഞ്ചായി. സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുന്നത്.