'കൗമുദി ടിവി"യിൽ സംപ്രേഷണം ആരംഭിച്ച 'മഹാഗുരു" നമ്മുടെ ദൃശ്യസംസ്കാരത്തെ സമുന്നതമാക്കുന്ന കലാസൃഷ്ടിയാണ്. ഒരു കാലഘട്ടത്തെ ഗ്രസിച്ച ധർമ്മവിരുദ്ധമായ ആചാരങ്ങൾക്കും ജാതിമത സങ്കുചിത ചിന്തകൾ വില കെടുത്തിയ മനുഷ്യബന്ധങ്ങൾക്കും അന്ത്യം കുറിക്കാൻ അവതരിച്ച സാക്ഷാൽ നാരായണൻ; ഭൂമിയിൽ നിറഞ്ഞിരുന്ന അന്ധകാരമകറ്റാൻ ചെമ്പഴന്തി എന്ന കർഷക ഗ്രാമത്തിലെ വയൽവാരത്തു വീട്ടിൽ ജന്മം കൊണ്ടു.
ഗുരുദേവൻ സ്വന്തം ചിന്തയും കർമ്മവും കൊണ്ട് വെളിപ്പെടുത്തിയത് കാലം കാത്തിരുന്ന സനാതന ധർമ്മത്തിന്റെ പരം പൊരുളാണ്. 'മലയോട് അടുക്കുമ്പോൾ മല വലുതാകുന്നു; നാം ചെറുതാകുന്നു" എന്ന നിരീക്ഷണം ഒരു മഹാസത്യത്തിന്റെ ആഴങ്ങളിലേക്കു നമ്മെ നയിക്കുന്നു. ദൈവത്തിന്റെ രഹസ്യഭാഷ വെളിപ്പെടുത്തുന്ന സ്വപ്നങ്ങളിൽ കൈയിൽ കിട്ടിയ നിധി വിധിയെ മാറ്റുമെന്ന വെളിപാട്. 'ആകാശം താണു താണു വരുന്നു; എന്റെ കൈയെത്തും ദൂരത്ത് ' എന്ന കുട്ടിയമ്മയുടെ ദർശനം നാനാർത്ഥങ്ങൾ നിറഞ്ഞതാണ്. മാടനാശാന്റെയും ധർമ്മപത്നിയുടെയും ബോദ്ധ്യങ്ങൾ ഒരു പുതിയ ഭാഷയുടെ, സംസ്കാരത്തിന്റെ ശക്തിസൗന്ദര്യങ്ങൾ. മൂന്നു പെൺകുട്ടികൾ; നാലാമതു പിറക്കുന്നതും പെണ്ണായാലെന്ത്? ആ ഗ്രാമീണ ദമ്പതിമാർക്ക് അതിൽ ഉത്‌കണ്ഠയൊന്നുമില്ല.
ശക്തമായ ആധാരഭൂമികയിൽ കെട്ടിയുയർത്തുന്ന ഇതിവൃത്തം സുഭദ്രമാണ്. കഥാപാത്രങ്ങൾ വേഷത്തിലും ഭാവത്തിലും തികച്ചും അനുയോജ്യർ. കവിതയുടെ ശ്രുതിലയങ്ങൾ പോലെ സൂക്ഷ്മമായ സംഭാഷണങ്ങൾ.
ഗുരുദേവനെ ആരാധിക്കുന്ന എളിമയുടെ സംസ്കാരം 'മഹാഗുരു"വിനെ സ്വീകരിക്കാൻ, അനുഗ്രഹം ഏറ്റുവാങ്ങാൻ കാത്തിരിക്കുന്നു.
'മഹാഗുരു" നാം വിഭാവനം ചെയ്യുന്ന നവോത്ഥാനത്തിന് പ്രകാശപൂർണത നൽകും; തീർച്ചയാണ്.