തിരുവനന്തപുരം: ഭൂമി മലയാളത്തിൽ ഏത് മുക്കിലും മൂലയിലുമുള്ള വസ്തുവും ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാം. തെക്ക് പാറശാലയിൽ സ്ഥിരതാമസമാക്കിയ ആൾക്ക് കാസർകോട്ടുള്ള ഭൂമി കൈമാറ്റത്തിന് അവിടേക്ക് പോകേണ്ടിവരില്ല. 'എനിവെയർ രജിസ്ട്രേഷൻ' സംവിധാനം എത്രയും വേഗം ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങൾക്ക് വലിയ സൗകര്യത്തിനൊപ്പം സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കുകയുമാണ് ലക്ഷ്യം.
നിലവിൽ ഒരു ജില്ലയിലെ ഏറ്റവും സീനിയറായ സബ് രജിസ്ട്രാർക്ക് (ജില്ലാ രജിസ്ട്രാർ ഇല്ലാത്തപ്പോൾ ചുമതല നൽകുന്ന അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ) ആ ജില്ലയിലെ ഏത് ഓഫീസ് പരിധിയിൽ വരുന്ന വസ്തുവിന്റെയും രജിസ്ട്രേഷൻ തന്റെ ഓഫീസിൽ നടത്താൻ അനുമതിയുണ്ട്. ഇത് സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഓഫീസുകളെ ഒറ്റ നെറ്റ്‌വർക്കിൽ കൊണ്ടുവരാൻ നാഷണൽ ഇൻഫോമാറ്റിക് സെന്റർ സോഫ്റ്റ്‌വെയർ തയ്യാറാക്കിക്കഴിഞ്ഞു. നടപ്പാക്കും മുമ്പ് രജിസ്ട്രേഷൻ ആക്ടിലെ സെക്‌ഷൻ 30ൽ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള നടപടി തുടങ്ങി.
ഡിജിറ്റൽ ആധാരം
ആധാരങ്ങൾ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും പുരോഗമിക്കുകയാണ്. 330 കോടിയുടെ പദ്ധതിയാണ്. 15 കോടി അനുവദിച്ചതുപയോഗിച്ച് തിരുവനന്തപുരം ജില്ലയിലെ ഏഴ് സബ് രജിസ്ട്രാർ ഓഫീസുകളിൽ ഡിജിറ്റൈസേഷൻ പൂർത്തിയായി. അടുത്ത മാസം ഇത് ഉപയോഗിച്ചു തുടങ്ങാം. വസ്തുസംബന്ധമായ വിവരങ്ങൾ ആർക്കും യൂസർ ഐ.ഡി ഉപയോഗിച്ച് കമ്പ്യൂട്ടറിൽ അറിയാൻ കഴിയും. കോപ്പിയുമെടുക്കാം. 2013 മുതൽ 20 വർഷം വരെ പിന്നിലേക്കുള്ള രേഖകളാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, ചാല, നേമം, പട്ടം, ശാസ്തമംഗലം, പോത്തൻകോട്, കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസുകളിൽ സൗകര്യം ലഭ്യമാണ്.
53 ഓഫീസുകൾ പുതുക്കുന്നു
100 വർഷത്തിലേറെ പഴക്കമുള്ള 53 സബ് രജിസ്ട്രാർ ഓഫീസുകളുണ്ട്. ഇവ ആധുനികവത്കരിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി അനുവദിച്ചിട്ടുണ്ട്. 23 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം 19ന് വൈകിട്ട് അഞ്ചിന് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രി നിർവഹിക്കും. 25 കോടിയാണ് നിർമ്മാണച്ചെലവ്
പുതുക്കുന്ന ഓഫീസുകൾ: തിരുവനന്തപുരം: (കന്യാകുളങ്ങര, നാവായിക്കുളം, മലയിൻകീഴ്, കാഞ്ഞിരംകുളം), ആലപ്പുഴ: (മാരാരിക്കുളം), എറണാകുളം: (കുഴിപ്പിള്ളി, കോതമംഗലം), ഇടുക്കി: (തൊടുപുഴ, തോപ്രാംകുടി, ഉടുമ്പൻചോല), തൃശൂർ: (കല്ലേറ്റിൻകര, അക്കിക്കാവ്, കുന്നംകുളം, പഴയന്നൂർ), മലപ്പുറം: (കുറ്റിപ്പുറം, താനൂർ, കല്പകഞ്ചേരി, തേഞ്ഞിപ്പലം), പാലക്കാട്: (ചെർപ്പുളശ്ശേരി), കോഴിക്കോട്: (പയ്യോളി, പേരാമ്പ്ര ,നടുവണ്ണൂർ), കണ്ണൂർ: (തളിപ്പറമ്പ്).