പണ്ടേ പരാജയപ്പെട്ട കാശ്മീർ നയത്തിന് ഏറ്റവും ഒടുവിലത്തെ ഇരകളാണ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കാശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ മരണമടഞ്ഞ 40 സി.ആർ.പി.എഫ് ജവാന്മാർ. ഏഴുപതിറ്റാണ്ടു കഴിഞ്ഞിട്ടും കാശ്മീർ തർക്കപ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാൻ രാജ്യം ഭരിക്കുന്നവർക്ക് കഴിയാതെ പോയി. പ്രശ്നം പരിഹരിക്കപ്പെടാതെ തുടരേണ്ടത് പാകിസ്ഥാന്റെ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഇന്ത്യാവിരുദ്ധ നിലപാടിലൂന്നിയാണ് ഇക്കാലമത്രയും പാക് ഭരണാധികാരികൾ അസ്തിത്വം ഉറപ്പാക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യക്കാരുടെയും ആവേശമായിരുന്ന ഇമ്രാൻഖാൻ രാഷ്ട്രീയത്തിലിറങ്ങുകയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിപദത്തിൽ എത്തുകയും ചെയ്തപ്പോൾ ഇന്ത്യ-പാക് ബന്ധത്തിൽ എന്തെങ്കിലുമൊരു ഗുണപരമായ മാറ്റം ഉണ്ടായേക്കുമെന്നു ചിലരെങ്കിലും കരുതി. എന്നാൽ തന്റെ മുൻഗാമികളെപ്പോലെ കാശ്മീരിനെ കരുവാക്കി ഇന്ത്യാവിരുദ്ധ നിലപാടുമായി നീങ്ങാനാണ് ഇമ്രാൻഖാനും താത്പര്യമെന്ന് കുറഞ്ഞ നാളിനുള്ളിൽ തെളിയുകയും ചെയ്തു. കാശ്മീരിൽ നടക്കുന്ന വലുതും ചെറുതുമായ ഏത് ആക്രമണത്തിന് പിന്നിലും കാണാം പാകിസ്ഥാന്റെ അദൃശ്യകരങ്ങൾ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാശ്മീരിൽ നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ ഭീകരാക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്. കൃത്യമായി ഒരു പിഴവുമില്ലാതെ ആസൂത്രണം ചെയ്ത ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. പതിനൊന്നാം ക്ളാസിൽ പഠിപ്പുനിറുത്തി ഭീകര സംഘടനയിൽ ചേർന്ന പുൽവാമയിലെ കാകപോറ എന്ന സ്ഥലത്തുള്ള ആദിൽ അഹമ്മദ് ദർ എന്ന ഇരുപതുകാരനാണ് ചാവേറായി ഇത്രയേറെ ജവാന്മാരുടെ അന്തകനായി എത്തിയത്. പരമാവധി ആൾനാശം വരുത്താനുദ്ദേശിച്ച് മുന്നൂറുകിലോയിലധികം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിറച്ച വാഹനമാണ് അയാൾ സി.ആർ.പി.എഫ് കോൺവായിയിൽ ഉൾപ്പെട്ട ഒരു ബസിൽ ഇടിച്ചുകയറ്റിയത്. ബസിലുണ്ടായിരുന്ന മുഴുവൻ ഭടന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മുൻപിലും പുറകിലുമുണ്ടായിരുന്ന സേനാവാഹനങ്ങളിൽ സഞ്ചരിച്ചവരിൽ കുറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പതിനഞ്ചോളംപേരുടെ പരിക്ക് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നാണ് റിപ്പോർട്ട്. ജമ്മുവിൽ പരിശീലനം കഴിഞ്ഞ് ശ്രീനഗറിൽ വിവിധ കേന്ദ്രങ്ങളിൽ നിയോഗിക്കുന്നതിനായി 76 വാഹനങ്ങളിലായി പുറപ്പെട്ട 2547 സി.ആർ.പി.എഫ് ഭടന്മാരുടെ കോൺവായിക്കുനേരെ പട്ടാപ്പകൽ നടന്ന ചാവേറാക്രമണം ഒരിക്കൽകൂടി വൻ സുരക്ഷാവീഴ്ചയാൽ വിമർശനവിധേയമായിട്ടുണ്ട്.
സദാനേരവും സേനാകാവലും പട്രോളിംഗുമുള്ള ജമ്മു-ശ്രീനഗർ ഹൈവേയിൽ സൈനികരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കളുമായി ചാവേറിന് എങ്ങനെ കടക്കാനായി എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. പുൽവാമയിൽത്തന്നെ രണ്ടുദിവസം മുൻപ് ഒരു സ്കൂളിനുനേരെ തീവ്രവാദ ആക്രമണം നടന്നിരുന്നു. പത്തോളം വിദ്യാർത്ഥികൾക്ക് പരിക്കുമേറ്റിരുന്നു. വരാൻ പോകുന്ന വൻ ആക്രമണത്തിന്റെ നാന്ദിയായിരുന്നു സ്കൂളിനുനേരെ ഉണ്ടായ ഇൗ ആക്രമണം. സൈനിക കോൺവായി എന്നും ഭീകര ഗ്രൂപ്പുകളുടെ ലക്ഷ്യമാണ്. കാശ്മീരിൽ മാത്രമല്ല തീവ്രവാദികൾ സജീവമായ രാജ്യത്തെ മറ്റിടങ്ങളിലും സേനാവ്യൂഹങ്ങൾക്കുനേരെ പലപ്പോഴും ആക്രമണങ്ങൾ നടക്കാറുണ്ട്. സുരക്ഷാ ചുമതലയുടെ നേതൃത്വം വഹിക്കുന്നവർക്കെല്ലാം അറിയാവുന്ന സംഗതിയാണിതൊക്കെ. എന്നിട്ടും രണ്ടായിരത്തി അഞ്ഞൂറിലധികം ഭടന്മാരെ ഒറ്റയടിക്ക് ഭീകര സാന്നിദ്ധ്യമുള്ള പ്രദേശത്തുകൂടി കൊണ്ടുപോയതിലെ സുരക്ഷാപിഴവ് പറയാതിരിക്കാനാവില്ല. സേനാതലപ്പത്തുതന്നെ ഗൗരവമായ ചർച്ചാവിഷയമാകേണ്ടതാണിത്.
പുൽവാമയിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്കുവേണ്ടി രാജ്യം ഒന്നടങ്കം വിലപിക്കുകയാണ്. സൈനികർ ഒഴുക്കിയ രക്തം വെറുതെയാകില്ലെന്നും കനത്ത പ്രത്യാഘാതം ഉണ്ടാവുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രിയടക്കം നേതാക്കൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. രാജ്യത്തെ ഞെട്ടിക്കുന്ന ഇതുപോലുള്ള ഭീകരാക്രമണത്തിനെതിരെ രാഷ്ട്രീയാതീതമായി നിൽക്കാനും പ്രതികരിക്കാനും സകലരും മുന്നോട്ടുവരേണ്ടതുതന്നെയാണ്. ആരെയും കുറ്റപ്പെടുത്താനുള്ള സന്ദർഭവുമല്ല ഇത്. എന്നിരുന്നാലും രാഷ്ട്ര ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി കാശ്മീർ പ്രശ്നം ഇങ്ങനെ ഇനിയുമെത്രനാൾ തുടരുമെന്ന ചോദ്യത്തിന് രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം കണ്ടെത്തിയേ മതിയാവൂ. ഭീകര ഗ്രൂപ്പുകളുടെ തോക്കിനും ബോംബിനും ഇരകളായി മരിച്ചുവീഴുന്നവരെ ഒാർത്തു അനുതപിച്ചാൽ മാത്രം മതിയോ? അകാലമൃത്യുവിന് ഇരയാകുന്നവരുടെ കുടുംബങ്ങൾക്ക് നിയമാനുസൃതം കുറെ ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകാറുണ്ട്. എന്നാൽ നഷ്ടമാകുന്ന ജീവനുകൾക്ക് ഒരിക്കലും അതൊന്നും പരിഹാരമാകുന്നില്ല. കാശ്മീരിൽ സമാധാനം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തന്നെയാണ്.
പുൽവാമയിലെ ചാവേറാക്രമണത്തിൽ വീരമൃത്യു പ്രാപിച്ചവരുടെ കൂട്ടത്തിൽ വയനാട്ടിലെ ലക്കിടികുന്നത്തിടവക വില്ലേജിൽ പരേതനായ വാസുദേവന്റെ പുത്രൻ വി.വി. വസന്തകുമാറും ഉൾപ്പെടുന്നുവെന്നത് മലയാളികളെ ആകമാനം ദുഃഖിപ്പിക്കുന്നു. അവധിക്ക് നാട്ടിൽ വന്ന് കാശ്മീരിൽ മടങ്ങിയെത്തിയ ഉടനെയാണ് ഇൗ ദുരന്തമുണ്ടായത്. പതിനെട്ടുവർഷമായി സി.ആർ.പി.എഫിൽ സേവനമനുഷ്ഠിക്കുന്ന വസന്തകുമാർ രണ്ടുവർഷംകഴിഞ്ഞ് സേവനം പൂർത്തിയാക്കി മടങ്ങാനിരിക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി സ്വന്തം ജീവൻതന്നെ നൽകേണ്ടിവന്ന വസന്തകുമാർ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമൊപ്പം സംസ്ഥാനത്തിന്റെ മുഴുവൻ ആദരവും അർഹിക്കുന്നു.
കാശ്മീരിൽ ഇപ്പോൾ ഗവർണർ ഭരണമാണ് . നേരത്തെ ബി.ജെ.പിയും പി.ഡി.പിയും ചേർന്നുള്ള കൂട്ടുമന്ത്രിസഭ അധികാരത്തിലിരുന്ന നാളുകളിലും അവിടെ അക്രമ സംഭവങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നു. കൂട്ടുകക്ഷി സർക്കാർ കാശ്മീരിന് ഗുണം ചെയ്യുമെന്നാണ് നിരീക്ഷകർ വിലയിരുത്തിയിരുന്നതെങ്കിലും ഫലത്തിൽ മറിച്ചാണ് സംഭവിച്ചത്. കൂട്ടുകക്ഷി സർക്കാർ അധികാരത്തിലിരുന്നവർഷമത്രയും ഭീകരാക്രമണങ്ങളും നാട്ടുകാർ ഉൾപ്പെട്ട അക്രമ സംഭവങ്ങളും വർദ്ധിക്കുകയാണുണ്ടായത്. വ്യാഴാഴ്ചത്തെ ചാവേറാക്രമണം സുരക്ഷാവീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ഇപ്പോൾ സംസ്ഥാനത്തിന്റെ ഭരണച്ചുമതലയുള്ള ഗവർണർ സത്യപാൽ മാലിക് നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഭീകരഗ്രൂപ്പിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം തീർത്തും അജ്ഞരായിരുന്നു എന്ന ഗവർണറുടെ വാക്കുകൾ ഒരർത്ഥത്തിൽ കുറ്റസമ്മതം തന്നെയാണ്.
കാശ്മീരിൽ ഭീകരന്മാരുടെ താവളവും സാന്നിദ്ധ്യവും ഇല്ലാതാക്കുക എന്നത് ശ്രമകരമായ ദൗത്യംതന്നെയാണ്. അതിന് നാട്ടുകാരുടെ സഹായ സഹകരണങ്ങൾ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ദേശീയ മുഖ്യധാരയോട് ചേരാൻ വിമുഖതയുള്ളവരെകൂടി നേർവഴിയിലേക്ക് കൊണ്ടുവരാതെ കാശ്മീരിൽ സമാധാനം കൈവരിക്കാനാവില്ല. അതിനാകട്ടെ സങ്കീർണമായ കാശ്മീർ പ്രശ്നത്തിന് പൊതുവേയെങ്കിലും സ്വീകാര്യമായ രാഷ്ട്രീയ പരിഹാരംതന്നെയാണ് വേണ്ടത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശീയ നേതൃത്വങ്ങൾ അതിനായുള്ള ശ്രമങ്ങളിൽ ഏർപ്പെടണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി കാശ്മീർ പ്രശ്നം ആയുധമാക്കാതിരിക്കാൻ എല്ലാ കക്ഷികളും ആത്മാർത്ഥമായി ശ്രദ്ധിക്കുകയും വേണം.