ദുബായ്: പ്രവാസി മലയാളികൾക്ക് ആവേശം പകർന്ന് ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന് തുടക്കം. ദുബായ് എത്തിസലാത്ത് അക്കാഡമിയിലെ പ്രൗഢഗംഭീരമായ സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന് തിരിതെളിച്ചു. നൂറ് ലോക കേരള സഭാംഗങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മലയാളികളുടെ പ്രതിനിധികളും ഉൾപ്പെടെ നാനൂറോളം പേർ സഭയിൽ പങ്കെടുക്കുന്നുണ്ട്. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കായുള്ള ക്ഷേമ, പുനരധിവാസ പദ്ധതികളും ഗൾഫ് മേഖലയിലെ തൊഴിൽ സാദ്ധ്യതകളും സഭ ചർച്ചചെയ്യും.
ഇന്നലെ രാവിലെ 9ന് ആരംഭിച്ച സമ്മേളനത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ സ്വാഗതം ആശംസിച്ചു. നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ ആമുഖ പ്രഭാഷണം നടത്തി. ഗൾഫിലെ ഭാവി തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് പി.ടി. കുഞ്ഞുമുഹമ്മദ്, വിനയചന്ദ്രൻ, ബെന്യാമിൻ എന്നിവർ പ്രസംഗിച്ചു. മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ലഭിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. തൊഴിൽ വൈദഗ്ദ്ധ്യവും പരിശീലനവും നൈപുണ്യ വികസനവും ഉറപ്പാക്കുന്ന കോഴ്സുകളാണ് ആവശ്യം.
സഭയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷണൻ അദ്ധ്യക്ഷനായി. ലോകകേരള സഭ സെക്രട്ടറി ജനറൽ കൂടിയായ ചീഫ് സെക്രട്ടറി ടോംജോസ് നടത്തിയ സമ്മേളന പ്രഖ്യാപനത്തിനു ശേഷം പ്രമുഖ മലയാളി വ്യവസായികളായ ഡോ. എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നിർവഹിച്ചു. ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ട് പ്രമുഖ മലയാളികൾ പ്രഭാഷണം നടത്തി. കോർകമ്മിറ്റി കൺവീനർ ഒ.വി. മുസ്തഫ നന്ദി പറഞ്ഞു.
വൈകിട്ട് ഏഴിന് ആരംഭിച്ച പാരമ്പര്യ കലാവിരുന്നിൽ നടിയും നർത്തകിയുമായ ആശാശരത് അവതരിപ്പിച്ച 'ദേവഭൂമിക' നൃത്തശില്പമായിരുന്നു മുഖ്യആകർഷണം. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺബ്രിട്ടാസ് ആമുഖ പ്രസംഗം നടത്തി. എത്തിലസാത്ത് അക്കാഡമിയിലെ തുറന്ന വേദിയിൽ 15,000 പ്രവാസി മലയാളികൾ പങ്കെടുത്ത പൊതുസമ്മേളനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്തു.
അന്താരാഷ്ട്ര ഹെൽപ്പ് ലൈൻ
ലോകമെങ്ങുമുള്ള മലയാളികൾക്ക് ഏതു സഹായത്തിനും ബന്ധപ്പെടാൻ നോർക്ക അന്താരാഷ്ട്ര ഹെൽപ്പ് ലൈൻ ആരംഭിച്ചു. +91- 8802012345 എന്ന നമ്പരിൽ ലോകത്തെവിടെ നിന്നും സൗജന്യമായി വിളിക്കാം. ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്ന നമ്പരിലേക്ക് 30 സെക്കൻഡിനകം നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിൽ നിന്ന് തിരികെ വിളിക്കും. പരാതികൾ രജിസ്റ്റർ ചെയ്യാനും സേവനമോ സഹായമോ തേടിയും വിളിക്കാം. ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിലേക്കുള്ള ആദ്യ കാൾ മുഖ്യമന്ത്രി നിർവഹിച്ചു. പ്രവാസി തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അറ്റസ്റ്റേഷൻ, റിക്രൂട്ട്മെന്റ്, പ്രവാസിക്ഷേമ പദ്ധതികൾ തുടങ്ങിയ സൗകര്യങ്ങളോടെ നവീകരിച്ച നോർക്ക വെബ്പോർട്ടലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വിലാസം: www.norkaroots.org