തിരുവനന്തപുരം: കൊല്ലം, എറണാകുളം, ബംഗളൂരു മേഖലകളിൽ ട്രാക്കിലും സ്റ്റേഷനുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇൗയാഴ്ച സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പല ട്രെയിനുകളും റദ്ദാക്കി. പലതും മണിക്കൂറുകൾ വൈകും. 20ന് ആറ്റുകാൽ പൊങ്കാലയിടാൻ വിവധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ എത്തുന്ന നൂറുകണക്കിന് ഭക്തർക്ക് നിയന്ത്രണം വലിയ ബുദ്ധിമുട്ടുണ്ടാക്കും.
അങ്കമാലിക്കും എറണാകുളത്തിനുമിടയിൽ ട്രാക്കിൽ എൻജിനിയറിംഗ് ജോലി നടക്കുന്നതിനാൽ 17 മുതൽ 23 വരെ ടെയിനുകൾ വൈകും. ഈ ദിവസങ്ങളിൽ രാത്രി 9.35ന് ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ എക്സ്‌പ്രസ് പുറപ്പെടാൻ ഒരു മണിക്കൂർ വൈകും. മംഗലാപുരം- തിരുവനന്തപുരം, ഭവനഗർ - കൊച്ചുവേളി, മംഗലാപുരം- തിരുവനന്തപുരം, നിസാമുദ്ദീൻ -തിരുവനന്തപുരം, ഗംഗാനഗർ - കൊച്ചുവേളി, പാട്ന-എറണാകുളം, വെരാവൽ -തിരുവനന്തപുരം, ഗാന്ധിധാം -നാഗർകോവിൽ, ഹൈദരാബാദ് - കൊച്ചുവേളി ട്രെയിനുകൾ അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ വൈകും
കൊല്ലത്തും നിയന്ത്രണം
കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മാണം നടക്കുന്നതിനാൽ 18ന് കൊല്ലത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. വൈകിട്ട് 3ന് കൊല്ലത്തു നിന്നുള്ള അനന്തപുരി എക്സ്‌പ്രസ് മുക്കാൽ മണിക്കൂർ വൈകും. രാവിലെ 10.50നുള്ള കൊല്ലം- കന്യാകുമാരി മെമുവും വൈകിട്ട് 4.15ന് കന്യാകുമാരിയിൽ നിന്നുള്ള കൊല്ലം മെമുവും റദ്ദാക്കി. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി, ബംഗളൂരു - കന്യാകുമാരി എക്സ്‌പ്രസ് എന്നിവ വൈകും.
ബംഗളൂരു റൂട്ടിൽ
ബംഗളൂരുവിൽ ആട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിന്റെ ജോലി നടക്കുന്നതിനാൽ 16 മുതൽ 18 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളത്തു നിന്ന് ഇന്ന് രാവിലെ 9.10 നുള്ള ഇന്റർസിറ്റി, കൊച്ചുവേളിയിൽ നിന്ന് ഇന്ന് വൈകിട്ട് 6.05നുള്ള ബാനസവാഡി ഹംസഫർ, എറണാകുളത്തു നിന്ന് നാളെ വൈകിട്ട് 4.50 നുള്ള ബാനസവാഡി, നാളെ രാവിലെ 6.15ന് ബംഗളൂരുവിൽ നിന്നുള്ള എറണാകുളം ഇന്റർസിറ്റി, വൈകിട്ട് 7നുള്ള കൊച്ചുവേളി ഹംസഫർ, 18ന് രാത്രി ഏഴിനുള്ള എറണാകുളം എക്സ്‌പ്രസ് എന്നിവ റദ്ദാക്കി. നാഗർകോവിൽ - ബംഗളൂരു ധർമ്മപുരി, ഹൊസൂർ തിരുപ്പത്തൂർ വഴിയും മുംബയ്- നാഗർകോവിൽ എക്സ്‌പ്രസ് ധർമ്മവാരം കൃഷ്ണരാജപുരം വഴിയും തിരിച്ചുവിടും.