ആയുഷ് കോൺക്ലേവ്: എൽ.എസ്.ജി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
തിരുവനന്തപുരം: മാനസികവും ശാരീരികവുമായ സുസ്ഥിരതയുള്ള ജനങ്ങളെ വളർത്തിയെടുക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് മുന്നോടിയായി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എൽ.എസ്.ജി ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ., അഡിഷണൽ ചീഫ് സെക്രട്ടറി എൽ.എസ്.ജി.ഡി. ടി.കെ. ജോസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗെഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, തൃശൂർ മേയർ അജിത വിജയൻ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഔപചാരിക ഉദ്ഘാടനം ഇന്ന്
കനകക്കുന്നിൽ ഇന്ന് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10 ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവ്വഹിക്കും. കേന്ദ്ര മന്ത്രി ശ്രീപദ് യെശോ നായക് , മന്ത്രി കെ.കെ ശൈലജ , ഡെപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം.കെ.സി. നായർ എന്നിവർ പങ്കെടുക്കും.രാവിലെ 11.30 ന് നടക്കുന്ന ഗുഡ് ഫുഡ് കോൺക്ലേവ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണി മുതൽ പാലസ് ഹാളിൽ ബിസിനസ് കോൺക്ലേവും സംഘടിപ്പിക്കും.