തിരുവനന്തപുരം: കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങിയ മലയാള പത്രങ്ങളുടെ ഇൗറ്റില്ലങ്ങളിലൂടെ കേരള മീഡിയ അക്കാഡമി നടത്തുന്ന ഒൻപത് ദിവസത്തെ മാദ്ധ്യമ ചരിത്രയാത്ര 21ന് കേരളകൗമുദി അങ്കണത്തിൽ നിന്നാരംഭിക്കും. 108 വർഷം പിന്നിട്ട കേരളകൗമുദിയുടെ പേട്ട ഒാഫീസ് അങ്കണത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്രപ്രവർത്തന രംഗത്തെ കുലപതിയായ പത്രാധിപർ കെ. സുകുമാരന്റെ സ്മൃതി മണ്ഡപത്തിൽ വൈകിട്ട് 3ന് പുഷ്പാർച്ചനയോടെ ചടങ്ങുകൾ തുടങ്ങും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദിക്കുള്ള വന്ദന പത്രം ചീഫ് എഡിറ്ററും കേരള മീഡിയ അക്കാഡമി വൈസ് ചെയർമാനുമായ ദീപുരവിക്ക് കൈമാറും. മുതിർന്ന മാദ്ധ്യമപ്രവർത്തകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും ഇതോടൊപ്പം നടക്കും. കേരളകൗമുദിയിൽ നിന്ന് തുടങ്ങി മാർച്ച് ഒന്നിന് തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ഹെർമൻ ഗുണ്ടർട്ടിന്റെ രാജ്യസമാചാരത്തിന്റെ പ്രസാധകശാലയായിരുന്ന ഗുണ്ടർട്ട് ഭവനം വരെയാണ് ചരിത്രയാത്ര. കേരള മീഡിയ അക്കാഡമിക്കൊപ്പം കേരള പത്രപ്രവർത്തക യൂണിയനും പി.ആർ.ഡിയും ചേർന്നു നടത്തുന്ന യാതയിൽ അൻപതോളം മാദ്ധ്യമ പ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുക്കും. പരിപാടിയുടെ ലോഗോ മുൻ മന്ത്രി എം.എ. ബേബി സംവിധായിക വിധു വിൻസന്റിന് നൽകി പ്രകാശനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, എൻ.പി. ചന്ദ്രശേഖരൻ, ഋഷി കെ. മനോജ്, ജോർജ് കുട്ടി, പി.വി. മുരുകൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
മാദ്ധ്യമ യാത്ര രണ്ടാം ദിനം കൂടില്ലാവീട്ടിൽ നിന്ന്
പേജ് : 14