ജയ്ഷെ മുഹമ്മദ് ഭീകര ഗ്രൂപ്പിന്റെ സ്ഥാപകൻ മസൂദ് അഷറിനെ ഇന്ത്യ ജയിലിൽ നിന്ന് മോചിപ്പിച്ചത് 1999 ലാണ്. കാണ്ഡഹാറിലേക്ക് ഇന്ത്യൻ എയർലൈൻസിന്റെ IC-814 വിമാനം റാഞ്ചിക്കൊണ്ട് പോയി നടത്തിയ വിലപേശലിലാണ് യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരം ഭീകരനെ വിട്ടുകൊടുത്തത്. തൊട്ടടുത്തവർഷം മസൂദ് അഷർ ജയ്ഷെ ഗ്രൂപ്പ് സ്ഥാപിച്ചു. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയാണിത് തുടങ്ങിയത്. താലിബാന്റെയും ഒസാമാ ബിൻ ലാദന്റെയും സഹായവും ലഭിച്ചിരുന്നു.
2001 ൽ ജയ്ഷെ മുഹമ്മദിനെ ഭീകര ഗ്രൂപ്പായി അമേരിക്ക പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സംഘടനയ്ക്ക് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തി. എന്നാൽ പാശ്ചാത്യ സമൂഹത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ച് അഷർ പാകിസ്ഥാനിൽ ഭീകരരെ സംഘടിപ്പിക്കുന്നത് തുടർന്നുപോന്നു. പാക് പഞ്ചാബിലെ ബഹവാൽപൂറിൽ കൂറ്റൻ കെട്ടിടം നിർമ്മിച്ചു. 2004 ലായിരുന്നു ഇത്. ഇതിനിടെ സംഘടന രണ്ടായി പിളർന്നു. അഷറിന്റെ സ്വാധീനത്തിൽ നിന്ന് അടർന്ന് മാറിയവർ പാകിസ്ഥാൻ താലിബാനായ തെഹ്റെ ഇ താലിബാന് പിന്തുണ പ്രഖ്യാപിച്ചു. പിളർപ്പിന് ശേഷം കുറെ വർഷങ്ങളോളം അഷർ മുൻനിരയിലേക്ക് വന്നിരുന്നില്ല. 2014 ൽ പാക് അധീന കാശ്മീരിൽ തന്റെ പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട് വലിയ റാലി സംഘടിപ്പിച്ചു കൊണ്ടായിരുന്നു തിരിച്ചുവരവ്. ഒരുവർഷം കഴിഞ്ഞപ്പോൾ 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനിൽ ഹ്രസ്വ സന്ദർശനം നടത്തി. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഇത്. അതേവർഷം തന്നെയാണ് ജയ്ഷെ മുഹമ്മദ് പത്താൻകോട്ട് ആക്രമണം നടത്തി 7 ജവാന്മാരുടെ ജീവനെടുത്തത്. ഇൗ സംഭവത്തെത്തുടർന്ന് അഷറിനെ കസ്റ്റഡിയിൽ എടുത്തതായി പാക് പഞ്ചാബിലെ നിയമമന്ത്രി വെളിപ്പെടുത്തിയെങ്കിലും അത് പ്രഹസനമായിരുന്നു. ജയ്ഷെ സംഘടന തന്നെ അറസ്റ്റ് നിഷേധിച്ച് പ്രസ്താവന ഇറക്കി.
അഷറിന്റെ പല ബന്ധുക്കളും ഭീകര ഗ്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിൽ എത്തി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കാശ്മീരിൽ 2017 ൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തൽഹാ റഷീദ് എന്ന ഭീകരൻ അഷറിന്റെ അനന്തരവനായിരുന്നു. മറ്റൊരു അനന്തരവനായ മുഹമ്മദ് ഉസ്‌മാനും പിന്നീട് കൊല്ലപ്പെട്ടു. അഷറിന്റെ സഹോദരനായ അബ്ദുൾ റൗഫ് അസ്‌ഗർ ഏറെക്കാലമായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ തെരയുന്ന വ്യക്തിയാണ്.
പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരം ഉടൻ പ്രതീക്ഷിക്കാമെന്ന് അഷറിന്റെ സഹോദരൻ പാകിസ്ഥാനിൽ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് പുൽവാമ ആക്രമണം നടന്നത്.
ഐ.എസ്.ഐയുടെ ഇരു കരങ്ങളാണ് ജയ്ഷെയും ലക്‌കറും. ചൈനയാണ് ജയ്ഷെ മുഹമ്മദിനെ ഏറ്റവും കൂടുതൽ ഐ.എസ്.ഐയിലൂടെ സഹായിക്കുന്നത്. അഷറിനെതിരെയുള്ള ഇന്ത്യയുടെയും പാശ്ചാത്യ സമൂഹങ്ങളുടെയും നീക്കങ്ങൾക്ക് തടയിടുന്നത് ചൈനയാണ്. രാമക്ഷേത്രം നിർമ്മിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അഷർ മോദിക്ക് മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. ലഷ്‌കർ ഭീകര പ്രവർത്തനത്തിനൊപ്പം മുഖ്യധാരാ രാഷ്ട്രീയത്തിൽ കൂടി കണ്ണ് വച്ച് രാഷ്ട്രീയ കക്ഷിക്ക് രൂപം നൽകിയതോടെയാണ് ചൈന ജയ്ഷെ മുഹമ്മദിനെ കൂടുതൽ സഹായിക്കാൻ തുടങ്ങിയത്.