narayana-moorthy

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ (കെൽട്രോൺ) ചെയർമാനായി മുതിർന്ന ഐ.എസ്.ആർ.ഒ.ശാസ്ത്രജ്ഞൻ എൻ. നാരായണ മൂർത്തിയെ നിയമിച്ചു. മാർച്ച് ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.

ഐ.എസ്. ആർ.ഒയുടെ തിരുവനന്തപുരം ഡിവിഷനായ വി.എസ്. എസ്. എസിയിൽ ഹ്യൂമൻ സ്പെയ്സ് മിഷൻ ചീഫ് എക്സിക്യൂട്ടീവും പി.എസ്.എൽ.വി.റോക്കറ്റ്, ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ് എന്നിവയുടെ പ്രൊജക്ട് ഡയറക്ടറുമായിരുന്ന നാരായണ മൂർത്തി വിരമിച്ചതിന് ശേഷം വി.എസ്. എസ്. സി.ഡയറക്ടറുടെ സീനിയർ ഉപദേശകനായും വിക്ഷേപണങ്ങളുടെ മിഷൻറെഡിനസ് റിവ്യൂകമ്മിറ്റി ചെയർമാനും ആയി സേവനം അനുഷ്ഠിച്ചുവരികയാണ്. പി.എസ്. എൽ.വിയുടെ കഴിഞ്ഞ മുപ്പത് വിക്ഷേപണങ്ങളിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര സ്വദേശിയായ നാരായണ മൂർത്തി ഇൗഞ്ചയ്ക്കലാണ് താമസം.തിരുവനന്തപുരം ആർട്സ് കോളേജിലും ഗവ.എൻജിനിയറിംഗ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഇലക്ട്രോണിക്സിൽ എൻജിനിയറിംഗിന് ശേഷം 1971ലാണ് ഐ.എസ്.ആർ.ഒ.യിൽ ചേർന്നത്. വിക്ഷേപണങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഇലക്ട്രോണിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും രൂപകൽപനയിലും പങ്ക് വഹിച്ചു.

തിരുവനന്തപുരം ഏജീസ് ഒാഫീസിൽ അക്കൗണ്ട്സ് ആഫീസറായിരുന്ന മുത്തുലക്ഷ്‌മി അമ്മാളാണ് ഭാര്യ. രണ്ട് മക്കൾ. മകൻ പ്രകാശ് അമേരിക്കയിൽ ഇന്റൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. മകൾ ദിവ്യ ബാംഗ്ളൂർ ഇന്റലിൽ എൻജിനിയറാണ്.

കോക്കോണിക്സ് എന്ന പേരിലുള്ള കേരള സർക്കാരിന്റെ ലാപ്ടോപ്പ് നിർമ്മാണപദ്ധതിയുടെ പ്രധാന പങ്കാളിയാണ് കെൽട്രോൺ. പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ ലാഭത്തിലേക്ക് വളർത്തിയെടുക്കാനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് നാരായണമൂർത്തിയെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്.