abdulla

വർക്കല: ഇടവയിൽ മോഷണക്കുറ്റം ആരോപിച്ച് പട്ടികജാതിക്കാരനായ യുവാവിനെ മ‌ർദ്ദിച്ച് കൊന്ന കേസിലെ പ്രതിയെ ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഇടവ മാന്തറ ചരുവിളവീട്ടിൽ അബ്ദുള്ളയാണ് (40) അറസ്റ്റിലായത്. ഇടവ മാന്തറ കുഴയ്ക്കാട്ട് പുത്തൻവിളവീട്ടിൽ പരേതരായ മോഹനന്റെയും ബേബിരാജിന്റെയും മകൻ അനന്തു മോഹനൻ (24) ആണ് മർദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ജനുവരി 30ന് രാത്രി 11.30ഓടെയാണ് സംഭവം. ഉറങ്ങിക്കിടന്ന അനന്തുവിനെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നിറക്കി സമീപത്തെ കവലയിലെത്തിച്ചാണ് ക്രൂരമായി മർദ്ദിച്ചത്. പ്രാണരക്ഷാർത്ഥം സമീപത്തെ പറമ്പിലേക്ക് ഓടിയ അനന്തു വാഴയിൽ ഇടിച്ച് നിലത്ത് വീണു. തറയിൽ വീണ അനന്തുവിനെ മൺവെട്ടിക്ക് തലങ്ങും വിലങ്ങും അടിച്ചവശനാക്കിയ ശേഷം അബ്ദുള്ള രക്ഷപ്പെട്ടു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ പിറ്റേദിവസം മരണമടയുകയായിരുന്നു. വലതു തോൾ മുതൽ താഴേക്ക് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. അനന്തുവിന്റെ തലയിൽ മൺവെട്ടിക്ക് അടിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടവ മാന്തറ പ്രദേശത്ത് ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷണം പതിവായിരുന്നു. ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നത് അനന്തുവാണെന്ന സംശയത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. കൊല്ലം അയത്തിൽ മാരുതി സർവീസ് സെന്ററിൽ പോളിഷ് മേക്കറായിരുന്നു അനന്തു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനന്തു. മാതാപിതാക്കൾ നേരത്തേ മരണമടഞ്ഞു. അജിൻ, അശ്വതി എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിന്റെ പിറ്രേദിവസം അബ്ദുള്ളയെ നാട്ടുകാർ കടപ്പുറത്ത് നിന്ന് പിടികൂടി അയിരൂർ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അനന്തുവിന്റെ മരണമറിഞ്ഞ് അബ്ദുള്ള തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഏറ്രെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ തിറുപ്പുറം കുണ്ട്രത്തെ ഒളിസങ്കേതത്തിൽ കഴിഞ്ഞ് വന്ന അബ്ദുള്ളയെ പടികൂടിയത്. കത്തിക്കുത്ത് കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അബ്ദുള്ളയെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച നാട്ടിലെത്തിച്ച പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം അയിരൂർ എസ്.ഐ സജീവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.