വിതുര: വേനൽ കടുക്കും മുൻപ് തന്നെ ഗ്രാമങ്ങൾ കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. മിക്ക സ്ഥലങ്ങളിലും പ‌ഞ്ചായത്തിൽ നിന്നും കിട്ടുന്ന പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ പൈപ്പ് ജല വിതരണം വ്യാപകമായി തടസ്സപ്പെടുന്നതായാണ് പരാതി. ഒപ്പം പൈപ്പ് പൊട്ടലും. ജല ദൗർലഭ്യം കാരണം ഹോട്ടലുകളുടെയും ബോക്കറികളുടെയും പ്രവർത്തനം അവതാളത്തിലാകുകയാണ്. താവയ്ക്കൽ, ചെറ്റച്ചൽ പമ്പ് ഹൗസുകളിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്നതിനാൽ വെള്ളം കിട്ടാറില്ല. അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച ലൈനുകളാണ് ഇപ്പോഴും ഉള്ളത്. ഇതിനകം നൂറുകണക്കിന് ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകിയെങ്കിലും പുതിയ പൈപ്പ് ലൈനുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല. പൈപ്പ് ലൈനുകൾ പൊട്ടി കുടിവെളള വിതരണം താറുമാറായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മിക്ക പഞ്ചായത്തുകളിലേയും ഉയർന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെളള പ്രശ്നം നിലനിൽക്കുകയാണ്. വേനൽ കടുത്തതോടെ ജലസ്രോതസുകൾ വറ്റി വരണ്ടു. നദികളിലെയും, ഡാമുകളിലേയും അവസ്ഥയും വിഭിന്നമല്ല. ഉയർന്ന പ്രദേശങ്ങളിൽ അധിവസിക്കുന്നവർ കിലോമീറ്ററുകൾ താണ്ടി നദിയിൽ നിന്നും മറ്റും ജലം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. പ്രശ്നം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പൊൻമുടി -തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര ശിവൻകോവിൽ ജംഗ്ഷന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുകയും ഒരു മണിക്കൂറോളം ഗതാഗത തടസം നേരിടുകയും ചെയ്തു. വെളളം ഇരച്ചുകയറി സമീപത്തുളള വീടുകൾക്കും കടകൾക്കും നാശനഷ്ടം സംഭവിച്ചു. മെയിൻപൈപ്പിലാണ് ചോർച്ചയുണ്ടായത്. ഇൗ ഭാഗത്ത് അനവധി തവണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ഒഴുകിയിട്ടുണ്ട്.

വിതുര പഞ്ചായത്തിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവായതോടെ വ്യാപാരിസമൂഹം പ്രതിസന്ധിയിലായെന്ന് കേരള വ്യാപാരി - വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് കമ്മിറ്റി യോഗം പരാതിപ്പെട്ടു. കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി ഒാഫീസ് പടിക്കലും പഞ്ചായത്തിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി - വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഭാരവാഹികളായ ജെ. മാടസ്വാമിപിള്ള, എം. ഷിഹാബ്ദ്ദീൻ, വി.എൻ. സജി എന്നിവർ അറിയിച്ചു.