manthri-g-sudhakaran-

കല്ലമ്പലം: പുതുശ്ശേരി മുക്ക് - നഗരൂർ -കാരേറ്റ് - നെടുമ്പറമ്പ്- ചാത്തമ്പറ റോഡ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു. ഇന്നലെ രാവിലെ 11ന് ചാത്തമ്പറ ജംഗ്ഷനിൽ നാട മുറിച്ച ശേഷം നെടുമ്പറമ്പിൽ സജ്ജമാക്കിയ വേദിയിലെത്തി ഉദ്ഘാടനവും, ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. ഡോ. എ.സമ്പത്ത് എം.പി. അദ്ധ്യക്ഷനായിരുന്നു. അഡ്വ. ബി.സത്യൻ എം.എൽ.എ സ്വാഗതം പറഞ്ഞു. 16.6 കോടി രൂപ ചെലവഴിച്ചാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മിച്ചത്. ദേശീയപാതയിലെ കല്ലമ്പലത്തെയും, ചാത്തമ്പറയെയും എം.സി റോഡിലെ കാരേറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വലിയ യാത്രാസൗകര്യമാണ് ലഭ്യമാകുന്നത്. നിരവധി സ്കൂളുകൾ, എൻജിനിയറിംഗ് കോളേജ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്ത് അയിലം പാലം കൂടി തുറന്നു കൊടുത്തതോടെ യാത്രക്കാർക്ക് എളുപ്പമായി.