kanyakulangara

വെഞ്ഞാറമൂട്: പുതിയ പരീക്ഷണ വഴികളിലൂടെ സഞ്ചരിക്കുകയാണ് കന്യാകുളങ്ങര ഗവ. എൽ.പി.എസിലെ മിടുക്കരായ കുട്ടികളും അദ്ധ്യാപകരും. കണിയാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി വിദ്യാലയമായ കന്യാകുളങ്ങര എൽ.പി.എസ് സബ് ജില്ലയിലെ പ്രീപ്രൈമറി ലീഡിംഗ് സ്‌കൂൾ ബഹുമതി സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ്. ഒപ്പം, പ്രവർത്തനത്തിന്റെ ഓരോ തലത്തിലും പുതുമകളും പരീക്ഷിക്കുകയാണ്.

ഹെഡ്മിസ്ട്രസ് വിമല, അദ്ധ്യാപികമാരായ ദീപ സർജു, മേഘാ കുര്യൻ, ദീപാ രാജ്, ശ്രീകല, നസീമ ബീവി, സുപ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്‌മയാണ് സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഭൗതിക വികസനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 96 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ കെട്ടിടം അടുത്ത വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.

കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനും അവ പുറം ലോകത്തെ അറിയിക്കാനുമായി രൂപം നൽകിയതാണ് 'എഴുത്തോല ' എന്ന താളിയോല മാസിക. രണ്ട് മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന ഈ മാസിക താളിയോലയുടെ രൂപത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ശിശുദിനം മുതലാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

മുൻവർഷത്തെ സ്‌മരണകളെ സി.ഡി രൂപത്തിൽ ആലേഖനം ചെയ്‌ത പത്രം

സ്‌കൂൾ ഫോട്ടോയിൽ ഗണിതം കലർത്തി 'മാജിക് കലണ്ടർ'

ഗണിതപഠനത്തിന് വികസനം ലക്ഷ്യമിട്ട് 'കുട്ടിക്കട'

കുട്ടികളുടെ ഫോട്ടോ ആലേഖനം ചെയ്‌ത 'പിറന്നാൾ കലണ്ടർ'

ചിത്രരചനയിൽ താത്പര്യമള്ളവർക്കായി 'ചിത്രമൂല'

സംസ്‌കൃതം ഉൾപ്പെടെ 5 ഭാഷയിൽ അസംബ്ലി