കാട്ടാക്കട: കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് ചാമവിളപ്പുറം ഉപതിരഞ്ഞെടുപ്പിൽ (പട്ടികവർഗ സംവരണം) യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സദാശിവൻകാണി വിജയിച്ചു. 145 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വാർഡ് പിടിച്ചെടുത്തത്. ആകെ പോൾ ചെയ്ത 752 വോട്ടിൽ 427 വോട്ടാണ് കോൺഗ്രസിലെ സദാശിവൻ കാണിക്ക് ലഭിച്ചത്. എൽ.ഡി.എഫിലെ ആർ.എസ്. ദീപുവിന് (സി.പി.ഐ ) 282 വോട്ടും, ബി.ജെ.പിയിലെ ടി. വിനോദിന് 43 വോട്ടും ലഭിച്ചു.
കഴിഞ്ഞ 18 വർഷമായി എൽ.ഡി.എഫിനൊപ്പം നിന്ന വാർഡാണിത്. ഇതോടെ എൽ.ഡി.എഫ് ഭരിക്കുന്ന, 13 വാർഡുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ അഞ്ചായി. എൽ.ഡി.എഫിന്റെ അംഗബലം ഏഴാണ്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫിലെ ഷിബു സർക്കാർ ജോലികിട്ടിയതിനെത്തുടർന്ന് രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പി മത്സരിച്ചിരുന്നില്ല. 26 വോട്ടിനാണ് കെ. സദാശിവൻകാണി അന്ന് പരാജയപ്പെട്ടത്.
ആഹ്ലാദ പ്രകടനത്തിൽ സദാശിവൻ കാണിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.കെ. ശശി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എം.എം. മാത്യുക്കുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി വിൽഫ്രഡ് രാജ്, ഡി.സി.സി അംഗം ഭുവനചന്ദ്രൻ, വാവോട് രവി എന്നിവർ പങ്കെടുത്തു.