കാട്ടാക്കട: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക് വീടും സ്ഥലവും ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. പിറ്റേദിവസം യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചൽ പരുത്തിപ്പള്ളി ടി.എസ്.എ ഭവനിൽ സതി-തങ്കമണി ദമ്പതികളുടെ മകൻ അനീഷിനെയാണ് (34) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അനീഷിന്റെ പിതാവ് സതി 20 സെന്റ് വസ്തുവും വീടും ഈടുവച്ച് നാലര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ വസ്തുവും വീടും ഏറ്റെടുത്തതായി കാണിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. കുടിശിക തിരിച്ചടയ്ക്കുന്നതിനായി രണ്ട് മാസത്തെ അവധി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ തയ്യാറായില്ല. തുടർന്ന് അനീഷ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭാര്യ: അനിഷ, മകൻ: റിതു.