local-body-election-resul

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തുടക്കത്തിനു മുമ്പേ,​ സംസ്ഥാനത്ത് പന്ത്രണ്ടു ജില്ലകളിൽ ഇന്നലെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ എ.ഡി.എഫിന് മേൽക്കേ. അതേസമയം,​ എൽഡി.എഫിന്റെ അഞ്ച് സീറ്റുകളിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടി. യു.ഡി.എഫിന് മൂന്നു വാർഡുകൾ നഷ്‌ടമായപ്പോൾ ബി.ജെ.പിക്ക് ഒരിടത്തും സീറ്റ് പിടിക്കാനായില്ല.

കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവൻ വാർഡിലും എൽഡിഎഫ് ജയിച്ചു. ആർ.എം.പി സീറ്റ് നിലനിർത്തി. രണ്ടിടത്ത് സ്വതന്ത്രർ വിജയം കണ്ടു. ആലപ്പുഴ മുനിസിപ്പാലിറ്റി ജില്ലാ കോടതി വാർഡിൽ പാർട്ടി വിമതൻ ജയിച്ചതാണ് യു.ഡി.എഫിന് നാണക്കേടായത്.

തിരഞ്ഞെടുപ്പു നടന്ന 30 തദ്ദേശ വാർഡുകളിൽ എൽ.ഡി.എഫ് 16 സീറ്റിലും യു.ഡി.എഫ് 12 സീറ്റിലുമാണ് വിജയിച്ചത്. സീറ്റുകളുടെ എണ്ണത്തിൽ എൽഡി.എഫ് ആണ് മുന്നിലെങ്കിലും സിറ്റിംഗ് സീറ്റുകളിൽ രണ്ടെണ്ണം നഷ്‌ടമായി. യു.ഡി.എഫിന് ആലപ്പുഴയിൽ രണ്ടും മലപ്പുറത്ത് ഒരു വാർഡുമാണ് നഷ്ടമായത്. ആലപ്പുഴയിൽ എൽ.ഡി.എഫ് പിന്തുണയോടെ ഒരു സ്വതന്ത്രൻ വിജയിച്ചു. മലപ്പുറം ജില്ലയിൽ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിലും യു.ഡി.എഫ് ഭരണം എൽ.ഡി.എഫ് പിടിക്കുമെന്ന് ഉറപ്പായി.

തിരുവനന്തപുരം കളളിക്കാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായിരുന്ന ചാമവിളവിളപ്പുറം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സദാശിവൻകാണി വിജയിച്ചു.

എൽ.ഡി.എഫ് വിജയിച്ച മറ്റ് വാർഡുകൾ

കായംകുളം പന്ത്രണ്ടാം വാർഡ്,​ കൈനകരി ഗ്രാമപഞ്ചായത്തിലെ ഭജനമഠം,​ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത വാർഡ്,​ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുക പുത്തൂർ,​ നെല്ലിയാമ്പതി ലില്ലി ഡിവിഷൻ,​ മലപ്പുറം തിരൂർ ബ്ലോക്ക് പുറത്തൂർ ഡിവിഷൻ,​ കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ നരയംകുളം,​ പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ,​ കണ്ണൂർ കീഴല്ലൂർ പഞ്ചായത്തിലെ എളമ്പാറ,​ കല്യശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ,​ ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പ.

യു.ഡി.എഫ് വിജയിച്ച മറ്റ് വാർഡുകൾ

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണവിലാസം,​ കോട്ടയം നീണ്ടൂർ ഗ്രാമ പഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ് വാർഡ്,​ ഒക്കൽ പഞ്ചായത്ത് 14–ാം വാർഡ്,​ കോട്ടപ്പടി പഞ്ചായത്ത് ഒന്നാം വാർഡ്,​ കുന്നുകര പഞ്ചായത്തിലെ ഒമ്പതാം വാർഡ്,​ അഗളി പഞ്ചായത്തിലെ പാക്കുളം,​ പാലക്കാട് മുനിസിപ്പാലിറ്റി കൽപ്പാത്തി വാർഡ്,​ താമരശേരി പള്ളിപ്പുറം,​ വയനാട് ബത്തേരി നെന്മേനി പഞ്ചായത്തിലെ മംഗലം.