pinarayi-vijayan

 കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും

 മാവേലിക്കരയിൽ ലോക കേരള കേന്ദ്രം

ദുബായ് :കേരള വികസനത്തിന് പ്രവാസി നിക്ഷേപം പ്രയോജനപ്പെടുത്താൻ ആകർഷക പദ്ധതികളും പ്രവാസി വനിതകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക എൻ.ആർ.ഐ സെൽ ഉൾപ്പെടെ കരുതൽ നടപടികളുമായി സംസ്ഥാന സർക്കാർ. ലോക കേരളസഭ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതികളുടെ പ്രഖ്യാപനം നിർവഹിച്ചത്.

സർക്കാർ ഗ്യാരന്റിയിൽ പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളായോ കേരളത്തിൽ പ്രവാസികൾക്ക് സർക്കാർ ഗ്യാരന്റിയോടെ സ്ഥിരനിക്ഷേപം നടത്താവുന്നതാണ് പദ്ധതി. പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക വരുമാനം ലഭിക്കുന്ന നിക്ഷേപ- ഡിവിഡന്റ് പദ്ധതിയാണ് ഇത്. ഇക്കാര്യം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള സംരംഭങ്ങളിൽ നിക്ഷേപിച്ച് പലിശ ഡിവിഡന്റായി നൽകും. പ്രവാസിക്ഷേമ പെൻഷൻ ഡിവിഡന്റിൽ ലയിപ്പിച്ചുള്ള ധനസഹായം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യവസായങ്ങൾക്കായി പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കും.

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പഞ്ചായത്ത് തലത്തിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങും. ഇതിനായി എൻ.ആർ.ഐ സഹകരണ സൊസൈറ്റികൾ രൂപീകരിക്കും. മാവേലിക്കരയിൽ അഞ്ച് ഏക്കറിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കും. കേരളവും പ്രവാസികളും ഒന്നിച്ചുനിന്നാൽ ഒന്നും അസാദ്ധ്യമല്ലെന്ന് നിറഞ്ഞ കൈയടികൾക്കിടയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങും. സംരംഭകത്വ സാദ്ധ്യത പഠിച്ച് പ്രവാസികൾക്ക് ഉപദേശം നൽകാൻ മുംബയിലെ കമ്പനിയെ ചുമതലപ്പെടുത്തി. വ്യവസായികൾക്ക് തവണകളായി പണമടച്ച് ഭൂമി വാങ്ങാൻ പ്രത്യേക പദ്ധതിയുണ്ടാക്കും. ആദ്യവർഷം 60 ശതമാനം അടയ്ക്കണം. ശേഷിക്കുന്ന പണം വർഷംതോറും അഞ്ചു ശതമാനം വീതം. കെ.എസ്.എഫ്.ഇ ചിട്ടി ഈ മാസം തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

പ്രവാസികളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ജില്ലാ കളക്ടർ ചെയർമാനായി ജില്ലാ പ്രവാസി പരിഹാര സമിതിയുണ്ടാക്കും. മേഖലാടിസ്ഥാനത്തിൽ യൂത്ത് ഫെസ്റ്റിവലുകൾ നടത്തുന്നതും പ്രവാസികളുടെ സാഹിത്യസൃഷ്ടികൾക്കായി പ്രസിദ്ധീകരണം ആരംഭിക്കുന്നതും പരിഗണനയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അദ്ധ്യക്ഷനായി. ചീഫ്സെക്രട്ടറി ടോംജോസ് സഭാ പ്രഖ്യാപനം നടത്തി. എം.എൽ.എ.മാരായ കെ.സി.ജോസഫ്, പി.ജെ.ജോസഫ്, പി.കെ.ബഷീർ, കാരാട്ട് റസാഖ്, പാറയ്ക്കൽ അബ്ദുള്ള, ടി.വി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.