ramesh-chennithala-2

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള ജനത പുതിയ അദ്ധ്യായമെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി ഭരണത്തിൽ മടുത്ത ജനങ്ങൾ യു.ഡി.എഫിനൊപ്പമാണ്. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിന്റെ മറ്റൊരു പതിപ്പാണ് പിണറായി സർക്കാർ. ശബരിമല അടക്കമുള്ള വിഷയങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. കെ.എം. മാണി തുടങ്ങിവച്ച ഏറ്റവും വലിയ ക്ഷേമപദ്ധതിയായിരുന്ന കാരുണ്യ പദ്ധതിയുടെ കഴുത്ത് ഞെരിച്ചുകൊന്നു. ഒരു പുതിയ പദ്ധതിയും തുടങ്ങാൻ സാധിച്ചിട്ടില്ല. ട്രഷറി അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അംബാനി അദാനിമാർക്കായാണ് മോദിയുടെ ഭരണം. മോദി ഭരണത്തിൽ ജനങ്ങൾക്കുള്ള രോഷമാണ് മദ്ധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കണ്ടത്. യു.ഡി.എഫിലെ പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ്. 40 വർഷമായി കേരളാ കോൺഗ്രസുമായുള്ള ബന്ധം കോൺഗ്രസ് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കാർഷിക വിളകൾക്ക് ന്യായവില നിശ്ചയിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവർക്ക് വില സ്ഥിരത ലഭ്യമാക്കണം. കേന്ദ്രസർക്കാർ കർഷകരെ അവഗണിക്കുകയാണെന്നും മാണി പറ‌ഞ്ഞു.

കർഷകരെ സഹായിക്കാൻ കർഷക കാരുണ്യ പദ്ധതി നടപ്പാക്കണമെന്ന് ജോസ് കെ. മാണി പറഞ്ഞു. കോൺഗ്രസ് ആണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് സി.പി.എം വ്യക്തമാക്കണം. മോദി ബി.ജെപിയുടെ അവസാന പ്രധാനമന്ത്രിയായിരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

സി.എഫ്.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മോൻസ് ജോസഫ് എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ,റോഷി അഗസ്റ്റിൻ എം.എൽ.എ, ടി.യു. കുരുവിള, തോമസ് ചാഴികാടൻ, ജോസഫ് എം. പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, തോമസ് ഉണ്ണിയാടൻ, ഇ.ജെ. അഗസ്തി തുടങ്ങിയവർ പങ്കെടുത്തു. ജോയിഎബ്രഹാം സ്വാഗതം പറഞ്ഞു.

ജോസ് കെ. മാണിയെ പവർഹൗസ് ജംഗ്ഷന് സമീപത്ത് നിന്ന് സ്വീകരിച്ച് പ്രകടനമായാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്.