തിരുവനന്തപുരം / കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇമാം ഷെഫീക്ക് അൽ ഖാസിമി ബംഗളൂരുവിലേക്ക് കടന്നു. ഷെഫീക്കിനെ ഒളിവിൽ താമസിക്കാനും രക്ഷപ്പെടാനും സഹായിച്ച മൂന്ന് സഹോദരന്മാരെ കൊച്ചിയിൽ നിന്ന് നെടുമങ്ങാട് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽ അമീൻ, അൻസാരി, ഷാജി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
എറണാകുളം തൃപ്പൂണിത്തുറ കരിങ്ങാച്ചിറ വൈമീതിയിലാണ് അൽ അമീൻ (53) താമസിക്കുന്നത്. പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവാ കാറും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഷെഫീക്ക് അൽ അമീന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. തുടർന്ന് ഇവിടെ നിന്ന് മറ്റൊരു കാറിലാണ് ബംഗളൂരുവിലേക്ക് കടന്നത്. അൽ അമീൻ എറണാകുളത്തെ ചെരുപ്പ് വ്യാപാരിയാണ്. ഇമാമിന് പ്രഭാഷണങ്ങളിൽ നിന്ന് ലഭിക്കുന്ന പണമാണ് ബിസിനസിന് കരുത്തെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ ഇന്ന് പുലർച്ചയോടെ നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു.
മാനഭംഗപ്പെടുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയതും, വൈദ്യപരിശോധനയിൽ പീഡനം വ്യക്തമായതോടെയുമാണ് ഇമാം ബംഗളൂരുവിലേക്ക് കടന്നത്. ഇയാളിൽ നിന്ന് മുമ്പും മോശം അനുഭവമുണ്ടായതായും പെൺകുട്ടി മൊഴി നൽകി. അതിനിടെ ജാമ്യം കിട്ടില്ലെന്ന് ഇമാമിന്റെ അഭിഭാഷകനും നിയമോപദേശം നൽകി.
അതേസമയം, പെൺകുട്ടിയുടെ രക്ഷിതാക്കൾ അന്വേഷണവുമായി ഇപ്പോൾ സഹകരിക്കുന്നുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു. പെൺകുട്ടിയുടെ ഭാവി ഓർത്താണ് പരാതി നൽകാതിരുന്നതെന്നും മാനഭംഗപ്പെടുത്തിയെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. നേരത്തേ ചൈൽഡ് ലൈനും പൊലീസും സമീപിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകിയിരുന്നില്ല. ചൈൽഡ്ലൈനിന്റെ സംരക്ഷണയിൽ മൂന്ന് ദിവസം കൗൺസലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്.
വിദേശത്തുള്ള പിതാവ് ഇന്നലെ നാട്ടിലെത്തി കുട്ടിയുമായി സംസാരിച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഇയാൾ. വനിതാ മജിസ്‌ട്രേട്ടിന് മുന്നിൽ മൊഴി നൽകിയശേഷവും പെൺകുട്ടി ചൈൽഡ്ലൈനിന്റെ സംരക്ഷണയിലാണ്. കീഴടങ്ങാനായി ഇമാമിനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിനാണ് സഹോദരന്മാരെ കസ്റ്റഡിയിലെടുത്തത്. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങിയില്ലെങ്കിൽ ഇയാളുടെ സഹോദരന്മാരെ ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.