പത്ത്, പന്ത്രണ്ട് ക്ളാസുകളുടെ ബോർഡുതല പരീക്ഷയ്ക്ക് ചുരുങ്ങിയ ദിനങ്ങൾ മാത്രമേയുള്ളൂ ബാക്കി. മുൻകാലങ്ങളിൽ മാർച്ചിൽ നടക്കുന്ന പരീക്ഷയോടനുബന്ധിച്ച് കുറേയൊക്കെ മാനസികപിരിമുറുക്കം കുട്ടികൾ നേരിടുന്നുണ്ടായിരുന്നു. മാത്രമല്ല പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനുശേഷം ചില ഒറ്റപ്പെട്ട ആത്മഹത്യകളും നടന്നിരുന്നു. ഇന്ന് സ്ഥിതി ആകെ മാറി മറിഞ്ഞിരിക്കുന്നു. കുട്ടികൾ ബോർഡ് പരീക്ഷ തുടങ്ങുന്നതു വരെയോ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതുവരെയോ കാത്തുനിൽക്കുന്നില്ല. പരീക്ഷയ്ക്ക് മാസങ്ങൾക്കു മുൻപേ മാനസിക പിരിമുറുക്കത്താൽ ആത്മഹത്യാശ്രമങ്ങളും ആത്മഹത്യകളും നടക്കുന്നു. ഇത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
മന:ശാസ്ത്രജ്ഞരെ കാണാൻ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. സ്വസ്ഥമായി പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള സാഹചര്യങ്ങൾ വീടുകളിൽ കുറഞ്ഞു കാണുന്നു. ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടിയെ നിരന്തരമായി സമ്മർദ്ദത്തിലാക്കുന്നത് കുട്ടികളിൽ പ്രതികാരമനോഭാവം വളർത്തുന്നു. ഒരു കുട്ടി പത്താംക്ളാസിലേക്ക് കടക്കുമ്പോൾതന്നെ വീട്ടിൽ രക്ഷിതാക്കൾ, മറ്റു പലരുടെയും സ്വാധീനത്തിന്റെ കൂടി ഫലമായി ഹയർ സെക്കൻഡറിയിൽ കുട്ടിയെ ഏത് വിഷയത്തിന് ചേർക്കണം എന്നു കൂടി ഗൗരവമായ ചർച്ച ആരംഭിക്കുകയായി. കുട്ടികൾ ഭാവിജീവിതത്തിൽ ആരാകണം, എന്തായിത്തീരണം എന്ന് തീരുമാനിക്കാൻ പന്ത്രണ്ടാം ക്ളാസ് എങ്കിലും പൂർത്തിയാകണം എന്ന വസ്തുത അംഗീകരിക്കുവാനുള്ള ഒരു മനസാണ് സമൂഹത്തിനുണ്ടാകേണ്ടത്. കുട്ടിയുടെ അഭിരുചിയോ പാഷനോ തിരിച്ചറിയാതെ രക്ഷിതാക്കൾ അവനെ ഉയർന്ന സാമ്പത്തിക വരുമാനം ലഭിക്കുന്ന തൊഴിലിന് അനുയോജ്യമായ കോഴ്സിലേക്ക് തള്ളിവിടുകയാണ്. ഈ കീഴ്വഴക്കമാണ് മാറ്റേണ്ടത്. കുട്ടിയെ സയൻസ് പഠിപ്പിച്ചില്ലെങ്കിൽ കുടുംബത്തിന്റെ അഭിമാനം തകരുമെന്ന മിഥ്യാധാരണ മലയാളി എന്നു മാറ്റുമോ അന്ന് മുതലേ നമ്മുടെ ഭാവിതലമുറയെ രക്ഷപ്പെടുത്തുവാനാകൂ.
സി.ബി.എസ്.സിയിൽ ഇംഗ്ളീഷ് എന്ന ഒന്നാം ഭാഷയോടൊപ്പം ഏത് വിഭാഗത്തിൽനിന്നും തിരഞ്ഞെടുക്കുന്ന നാല് വിഷയങ്ങൾ ഒന്നിച്ച് പഠിക്കുമ്പോൾ പ്ളസ് ടു കോഴ്സായി. ഇവിടെ നിലനിന്നു പോന്നിരുന്ന ഇൗ പാരമ്പര്യ വിദ്യാഭ്യാസ സമ്പ്രദായം എന്നേ മാറിക്കഴിഞ്ഞു. കുട്ടികൾക്ക് ഇംഗ്ളീഷിനോടൊപ്പം ഇരുനൂറോളം വിഷയങ്ങളിൽ നിന്ന് സ്വന്തം താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പൂർണസ്വാതന്ത്ര്യം നിലവിലുണ്ട്. ഉദാഹരണത്തിന് ഫിസിക്സ്, ഹിസ്റ്ററി, മാത്സ്, സൈക്കോളജി എന്ന രീതിയിൽ കെമിസ്ട്രി ബിസിനസ് സ്റ്റഡീസ് , കമ്പ്യൂട്ടർ സയൻസ് ഒപ്പം മലയാളഭാഷകൂടി ഐശ്ചിക വിഷയമായി ഉൾപ്പെടുത്തിക്കൊണ്ട് പ്ളസ് ടു കോഴ്സ് പഠിക്കാം. ഇംഗ്ളീഷ് ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ മാത്രമല്ല ആറാമത്തെ ഒരു പ്രധാന വിഷയം കൂടിചേർത്ത് പഠിക്കാമെന്നതിലുപരി പഠിക്കാൻ മിടുക്കരാണെങ്കിൽ ഏഴാമത്തെ ഒരു തൊഴിലധിഷ്ഠിത വിഷയവും കൂടി തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം കുട്ടികൾക്ക് ഇന്ന് ലഭ്യമാണ്. കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന ഒരു പ്രധാന സംശയത്തിനുള്ള ഉത്തരവും ഇവിടെ സൂചിപ്പിക്കട്ടെ. മേൽപ്പറഞ്ഞ ആറോ ഏഴോ വിഷയങ്ങൾ പഠിക്കുന്ന കുട്ടിക്ക് പരീക്ഷാഫലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അഞ്ച് വിഷയങ്ങളുടെ ആകെ മാർക്കായിരിക്കും, ആകെയുള്ള ശതമാനത്തിനായാലും റാങ്കിനായാൽ പോലും തിരഞ്ഞെടുക്കുക. 2018 ൽ 16, 25, 967 കുട്ടികൾ ആണ് ദേശീയതലത്തിൽ സി.ബി.എസ്.സി പത്താംക്ളാസ് പരീക്ഷ എഴുതിയത്. അവരിൽ 86.2 ശതമാനം പേർ വിജയിച്ചപ്പോൾ കേരളത്തിൽനിന്ന് പരീക്ഷ എഴുതിയ 72, 725 പേരിൽ 72, 434 പേർ വിജയിച്ചു. അതായത് 99.59 ശതമാനം. 2018 ൽ
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസിൽ 11, 62, 645 പേർ പരീക്ഷ എഴുതിയതിൽ 82.43 ശതമാനം പേരാണ് വിജയിച്ചത്.97.32 ശതമാനത്തോടെ കേരള റീജിയൺ പത്തിലും പന്ത്രണ്ടിലും രാജ്യത്തെ ഒന്നാമത്തെ റീജിയൺ എന്ന പദവി നിലനിറുത്തിപ്പോരുന്നു. 2019 മാർച്ചിൽ രാജ്യത്ത് 28 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് സി.ബി.എസ്.ഇ, 10, 12 ബോർഡ് പരീക്ഷ എഴുതുന്നത്. ഇവിടെ കേരള സിലബസ് പഠിച്ചെഴുതുന്ന കുട്ടികളുടെ എണ്ണം പത്തിലും പന്ത്രണ്ടിലും ഇപ്പോൾ ഏതാണ്ട് 3, 75000 ന് അടുത്താണ്. ഇവരുടെ വിജയശതമാനവും ഇപ്പോൾ തുടർച്ചയായി 90ന് മുകളിലാണ്.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാവുന്ന ഒരു പുത്തൻ പരിഷ്കാരം കേരള വിദ്യാഭ്യാസവകുപ്പ് നടപ്പിൽ വരുത്തുകയാണ്. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി വരെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖല ഉൾപ്പെടെ ഒരു കുടക്കീഴിൽ വരികയാണ്. അതിവിദൂര ഭാവിയിൽ എല്ലാ സെക്കൻഡറി സ്കൂളുകളും ഹയർ സെക്കൻഡറി ആവുകയും ഒരു സ്കൂളിന് ഒരു പ്രിൻസിപ്പൽ എന്ന തസ്തികയുടെ കീഴിൽ സ്കൂൾ വിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന് വേണ്ട ശ്രമം ആരംഭിച്ചുകഴിഞ്ഞു.
ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെ വിദ്യാഭ്യാസം സ്മാർട്ട് ക്ളാസിലൂടെ ഹൈടെക് രീതിയിലേക്ക് ഉയരുന്നത് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുമെന്നത് ശ്ളാഘനീയമായ ഒന്നാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സ്കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമായി ഇൗ കൊച്ചുകേരളം 2019 അദ്ധ്യയനവർഷം തന്നെ പ്രഖ്യാപിക്കപ്പെടുമെന്നത് നമ്മുടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും സർക്കാരിന് ഒന്നടങ്കവും ഏറെ അഭിനന്ദവും അംഗീകാരങ്ങളും നേടിക്കൊടുക്കുമെന്നത് നമ്മൾ മലയാളികൾക്ക് അഭിമാനത്തിന്റെ നല്ല മുഹൂർത്തം സമ്മാനിക്കുമാറാകട്ടെ.
കഴിഞ്ഞ വർഷം മുതൽ സി.ബി.എസ്.ഇ നടപ്പിൽ വരുത്തിയ ഒരു പരിഷ്കാരം കൂടി വായനക്കാർക്കായി പങ്കുവയ്ക്കട്ടെ. പ്ളസ് ടുവിൽ ഇംഗ്ളീഷിനൊപ്പം നാല് വിഷയങ്ങൾ തിരഞ്ഞെടുത്ത് പ്ളസ് വൺ പൂർത്തിയായ ഒരു കുട്ടിക്ക് ഇവയിലേതെങ്കിലും ഒന്നോ രണ്ടോ വിഷയം പ്രയാസമേറിയതായി അനുഭവപ്പെട്ടാൽ ആ വിഷയങ്ങളോ അതല്ല നാലുവിഷയങ്ങളും ഒരുമിച്ചോ മാറ്റി പുതിയ നാല് വിഷയങ്ങൾ തിരഞ്ഞെടുത്ത് പ്ളസ് ടുവിന് തുടർച്ചയായി അടുത്തവർഷം പഠിക്കാം. ഇത്തരത്തിലുള്ള നൂതന പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെ സി.ബി.എസ്.ഇ നടത്തിയിരിക്കുന്നു.
( ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാനാണ് ഫോൺ : 9446065751, 8589095751 )