kk

നെയ്യാറ്റിൻകര: സൈനികരുടെ ജീവനു പോലും സുരക്ഷയില്ലാതെ മാറിക്കഴിഞ്ഞ ഇന്ത്യയുടെ ആഭ്യന്തര-വിദേശ നയങ്ങൾ പരാജയമായിക്കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർഗീയ കലാപം അഴിച്ചു വിട്ട് അത് വോട്ടാക്കി മാറ്റാമെന്ന നീചമാർഗമാണ് ബി.ജെ.പി അവലംബിക്കുന്നത്. അതിലേക്കായി വിശ്വാസികളെ കൂട്ടുപിടിച്ച ശേഷം എൽ.ഡി.എഫ് സർക്കാർ വിശ്വാസികൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കുകയാണ്. ഇത്തവണ വിശ്വാസികളെ മുൻനിറുത്തി എൽ.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട- അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അഡ്വ. കെ. പ്രകാശ്ബാബു, പി. സതീദേവി, അ‌ഡ്വ. ബിജിലി ജോസഫ്, പി.കെ. രാജൻ, ജി. ബാബുഗോപിനാഥ്, ഡീക്കൻ തോസ് കയ്യത്ര, ഡോ. വർഗീസ് ജോർജ് ജോർജ്, കാസിം ഇരിക്കൂർ, അഡ്വ. ആന്റണി രാജു, പി.എം. മാത്യു, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

പാറശാല: ബി.ജെ.പി കഴിഞ്ഞ ഇലക്‌ഷൻ കാലത്തു നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കുവാൻ നരേന്ദ്ര മോദിക്ക് സാധിച്ചില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ ജാഥയുടെ പ്രചാരണാർത്ഥം കുന്നത്തുകാലിൽ എത്തിയ കോടിയേരി ബാലകൃഷ്ണനെ വൻ ജനാവലിയുടെ അകമ്പടിയോടെയാണ് പ്രസംഗവേദിയിലെക്ക് എത്തിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ സ്പീക്കർ എം. വിജയകുമാർ, രതീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.