നെടുമങ്ങാട് : സംസ്ഥാനത്ത് വനിതാ ഫുട്ബാൾ അക്കാഡമി രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സ്പോർട്സ് സ്കൂളുകളുടെ അടിസ്ഥാന കായിക വികസനം ലക്ഷ്യമാക്കി സംസ്ഥാന കായിക വകുപ്പ് മൈലം ജി.വി.രാജാ സ്പോർട്സ് സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജി.വി.രാജാ സ്പോർട്സ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാൾ ടർഫ്, ഹോക്കി ടർഫ്, സിന്തറ്റിക് ട്രാക്ക് എന്നിവ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ദേശീയ,രാജ്യാന്തര മത്സരങ്ങളിൽ സ്വർണ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് ജോലി നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയെന്നും ഒളിമ്പിക്സ് മെഡൽ ലക്ഷ്യമാക്കി ഓപ്പറേഷൻ ഒളിമ്പിയ പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണത്തിന് 6.38 കോടി രൂപയുടേയും ഹോക്കി ടർഫ് നിർമ്മാണത്തിന് 4.65 കോടി രൂപയുടേയും സിന്തറ്റിക് ഫുടബാൾ ടർഫ് നിർമ്മാണത്തിന് 4.33 കോടി രൂപയുടേയും ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ് ശബരീനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു.
ഡോ. എ.സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു.ഖേലോ ഇന്ത്യയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ മന്ത്രി ആദരിച്ചു.