s

തിരുവനന്തപുരം: വട്ടിയൂർക്കാവ് കല്ലമല ജംഗ്ഷനിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന ശ്രീധരൻ എന്നയാളിന്റെ കഴുത്തിൽ കിടന്ന പതിനൊന്നേകാൽ പവൻ വരുന്ന സ്വർണമാല മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെയും വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ദിണ്ടിഗൽ, തിരുപ്പൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടും മൂന്നും പ്രതികളായ തമിഴ്നാട് സിൽക്കുവാർപെട്ടി സ്വദേശികളായ ഗഞ്ചാവ് രാജേഷ് എന്ന രാജേഷ്, കളുത രാജൻ എന്ന രാംരാജ് എന്നിവരെ തമിഴ്നാട്ടിലെ നിലക്കോട്ടെെ, കാങ്കയം എന്നിവിടങ്ങളിൽ നിന്നാണ് അറസ്​റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ വട്ടിയൂർക്കാവ് വാഴോട്ടുകോണം എം.എസ് ഹൗസിൽ നിഷാദിനെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു. നിഷാദ് മോഷ്ടിച്ച സ്വർണമാല രാജേഷിന്റെ കൈവശം കൊടുത്തുവിട്ട് രാംരാജ് മുഖേനയാണ് കാങ്കയത്തുള്ള ഒരു സ്വർണകടയിൽ വി​റ്റത്. മോഷണമുതൽ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആദിത്യ, എ.സി.പി ദിനരാജ് എന്നിവരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് എസ്.ഐ സാജു.എസ്, എസ്.സി.പി.ഒമാരായ ഷൗക്കത്ത്,ശ്രീകുമാർ, സി.പി.ഒ അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.