ഒരു സന്ദർശകൻ. ചിലപ്പോഴൊക്കെ കാണാൻ വരാറുള്ളയാൾ. ക്രിസ്തുമതവിശ്വാസി. ക്രൈസ്തവദർശനത്തെ സംബന്ധിച്ച് ക്ളാസുകൾ നടത്തുന്നയാൾ. എന്നാലും അദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല.
ഇത്തവണ വന്നപ്പോൾ പറയുന്നു,
'' 'സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ" എന്ന പുസ്തകം ഞാൻ പലയാവർത്തി വായിച്ചു. ചിലർക്കൊക്കെ അതു വാങ്ങിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ ആ പുസ്‌തകം പഠിച്ചതോടെ ഞാനൊരു വലിയ മനഃപ്രയാസം നേരിടുകയാണ്."
''എന്താണത്?"
''ഞാൻ ഹിന്ദുവായി ജനിച്ചയാളാണ്. ക്രിസ്തുമതം സ്വീകരിച്ചത് അബദ്ധമായിപ്പോയെന്നൊരു തോന്നൽ! ഹൈന്ദവദർശനത്തിന്റെ ഹൃദയവിശാലത അറിയാതെയാണല്ലോ ഞാൻ ക്രിസ്ത്യാനിയായത്. ബൈബിളിൽ ആകൃഷ്ടനായാണ് ഞാനിതു ചെയ്തത്. എന്നാൽ ബൈബിൾ പഠിപ്പിക്കുന്ന ജീവിതദർശനപ്രകാരമുള്ള ക്രിസ്തുമതമല്ല ഇന്നു നിലനില്‌ക്കുന്നത്. മതപരമായി മറ്റൊരു വശത്തേക്കും നോക്കാൻ അനുവദിക്കാത്ത തരം വളരെ ഇടുങ്ങിയ മനോഭാവമാണ് നിലവിലുള്ള ക്രിസ്തുമതത്തിനുള്ളത്. ഹൈന്ദവദർശനമാകട്ടെ, തുറന്ന മനസോടെ സകലതിനെയും ഉൾക്കൊള്ളുന്ന വിശാലതയുള്ളതാണ്. അതൊന്നും മനസിലാക്കാതെയാണല്ലോ ഈ ഇടുങ്ങിയ മനസ്ഥിതിയുള്ള മതത്തിൽ ഞാൻ ചെന്നുപെട്ടത് എന്ന വിചാരം എന്നെ അലട്ടുന്നു. എന്റെ വീട്ടുകാരാകട്ടെ യാഥാസ്ഥിതിക ക്രിസ്ത്യാനികളാണ്. എന്റെ കാഴ്ചപ്പാടുകൾ അവർക്ക് ഒട്ടും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ കുടുംബജീവിതവും സുഖകരമല്ല."
''ഇതിന് എന്റെ കൈവശം പരിഹാരമൊന്നുമില്ല. ആരായാലും മതം മാറുന്നതിനു മുമ്പ്, ഏതു മതസാഹചര്യത്തിലാണോ താൻ വന്നു പിറന്നിരിക്കുന്നത് അതിലെ ജീവിതദർശനത്തെ വേണ്ടവണ്ണം അറിഞ്ഞതിനുശേഷം മതപരിവർത്തനം വേണമോ എന്നു തീരുമാനിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പിന്നീട് മനസ്‌താപം അനുഭവിക്കേണ്ടിവരും.
''ഒരു കാര്യം മനസിലാക്കണം. ഹിന്ദുമതം ഉൾപ്പെടെയുള്ള എല്ലാ മതങ്ങളെയും ഈ രോഗം ബാധിച്ചിട്ടുണ്ട്. അനുവർത്തിച്ചുപോരുന്ന ചില വിശ്വാസപ്രമാണങ്ങളുടേതും ആചാരങ്ങളുടേതുമായ ഇടുങ്ങിയ ചട്ടക്കൂടിൽ നിന്നുകൊണ്ട് വീക്ഷിച്ച് മറ്റു മതങ്ങളെ വെറുക്കുന്നതും, സ്വന്തം മതത്തിലേക്ക് ആളെക്കൂട്ടുന്നതുമായ പ്രവണത എല്ലാ മതങ്ങളിലും ഇപ്പോൾ നിലവിലുണ്ട്. പ്രവാചകന്മാരോ ഋഷിമാരോ മനുഷ്യരാശിക്ക് ഇത്തരമൊരു സംസ്കാരമുണ്ടാകുന്നതിനുള്ള സാദ്ധ്യത സ്വപ്നം കാണുകപോലും ചെയ്തിട്ടുണ്ടാവില്ല. ഋഷിമാരോ പ്രവാചകന്മാരോ ഇന്ന് തിരികെ വന്നാൽ അവർ കാണുന്നത് അവരുടെ പേരിൽ പ്രചരിപ്പിച്ചുപോരുന്ന മതത്തിനു പുറത്താണല്ലോ നമ്മൾ എന്നായിരിക്കും. നിലവിലുള്ള മതങ്ങൾ അവരെ തിരികെ ഉൾക്കൊണ്ടാൽ 'പലമതസാരവുമേകം" എന്ന് അവരും ജനങ്ങളും കണ്ടെത്തും."