kodiyeri-nss

തിരുവനന്തപുരം: എൻ.എസ്.എസ് ശത്രുക്കളല്ലെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എൻ.എസ്.എസുമായുൾപ്പെടെ സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും എൽ.ഡി.എഫ് തെക്കൻ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ സി.പി.എം ജില്ലാകമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.

എൻ.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകൾ. അത്തരം ശ്രമങ്ങൾക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിന്നിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെയും കെ.പി.എം.എസിന്റെയും നിലപാടുകൾ സ്വാഗതാർഹമാണ്. എസ്.എൻ.ഡി.പി യോഗത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രവർത്തിച്ച കാലം പോലുമുണ്ട്. സി.എച്ച്. കണാരനും ടി.കെ. രാമകൃഷ്ണനുമൊക്കെ അത്തരത്തിലുള്ളവരാണ്.

കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിലെ കലഹത്തിൽ പി.ജെ. ജോസഫിന്റെ നിലപാട് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് പി.ജെ. ജോസഫ് പൊയ്‌വെടി വയ്ക്കുന്നതല്ലാതെ ശരിയായ വെടി പൊട്ടിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇടയ്ക്കിടെ അദ്ദേഹം വെടി പൊട്ടിക്കുന്നത് ലക്ഷ്യത്തിലെത്തുന്നില്ല. ശരിയായ വെടി വയ്ക്കാൻ പരിശീലനം അദ്ദേഹത്തിന് കിട്ടിയെന്ന് ബോദ്ധ്യപ്പെടട്ടെ. അപ്പോൾ ആലോചിക്കാം. ഇപ്പോഴേ നോക്കിയാൽ അപക്വമാവും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. പുറത്തുവന്ന സർവ്വേറിപ്പോർട്ടുകളെല്ലാം അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണിത്. ഇടതുസർക്കാർ അധികാരമേറ്റ ശേഷം തുടർച്ചയായി എൽ.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ്. തദ്ദേശസ്ഥാപനങ്ങളിലേക്ക് 14 ഘട്ടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം മേൽക്കൈയുണ്ടായി. ഓരോ വർഷവും എത്രത്തോളം വാഗ്ദാനങ്ങൾ നടപ്പാക്കിയെന്ന് ജനങ്ങളോട് വിശദീകരിച്ചും പരിമിതികൾ ബോദ്ധ്യപ്പെടുത്തിയുമാണ് ഇടതുസർക്കാർ നീങ്ങുന്നത്. എല്ലാ മേഖലയിലെയും സർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജയം.

ദേശീയതലത്തിലെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പിൽ എന്തിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന ചോദ്യം ശക്തമായി ഉയർന്ന 2004ലാണ് കേരളത്തിൽ ഇടതുതരംഗമുണ്ടായത്. 20ൽ 18സീറ്റും നേടി. ബി.ജെ.പിയുടെ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനേക്കാൾ വിശ്വസിക്കാനാവുന്നത് ഇടതുപക്ഷത്തിനാണെന്ന് ജനങ്ങൾക്കറിയാം. അന്നും സർവ്വേറിപ്പോർട്ട് യു.ഡി.എഫിന് 14സീറ്റ് പ്രവചിച്ചതാണ്. സർവ്വേ റിപ്പോർട്ടുകളെ വിശ്വസിച്ചാൽ അപകടമുണ്ടാവും. അതിനാൽ പാർട്ടിപ്രവർത്തകർ നല്ലപോലെ പണിയെടുത്തു. 2011ൽ 40 സീറ്റ് ഇടതുപക്ഷത്തിന് സർവ്വേകൾ പ്രവചിച്ചിടത്ത് 68സീറ്റുകളാണ് കിട്ടിയത്. അമിതമായ ആത്മവിശ്വാസം പാടില്ല. കുറച്ചുദിവസം കഴിഞ്ഞാൽ ഇടതിന് അനുകൂലമായ റിപ്പോർട്ട് വന്നെന്ന് വരും. അതും അതേപടി വിശ്വസിച്ച് അലംഭാവം കാണിക്കരുത്.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കോൺഗ്രസുമായി മുന്നണിയില്ല. മമത സംഘടിപ്പിച്ചതിനേക്കാൾ വലിയ റാലിയാണ് കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇടതുപക്ഷം നടത്തിയത്. അവിടെ ഇടതുപക്ഷത്തെ എഴുതിത്തള്ളാനാവില്ല. ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്ന സ്വപ്നം നടക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. ജാഥാംഗങ്ങളും പങ്കെടുത്തു.