nss

തിരുവനന്തപുരം: എൻ.എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസിനെ സി.പി.എം ശത്രുവായി കാണുന്നില്ലെന്ന് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൽ.ഡി.എഫ് തെക്കൻ മേഖലാ ജനസംരക്ഷണയാത്രയ്ക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകൾ. എസ്.എൻ.ഡി.പി യോഗത്തിന്റെയും കെ.പി.എം.എസിന്റെയും നിലപാടുകൾ സ്വാഗതാർഹമാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതിന് തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ഇടതുസർക്കാർ അധികാരമേറ്റ ശേഷം തുടർച്ചയായി എൽ.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ്. ഓരോ വർഷവും എത്രത്തോളം വാഗ്ദാനങ്ങൾ നടപ്പാക്കിയെന്ന് ജനങ്ങളോട് വിശദീകരിച്ചും പരിമിതികൾ ബോദ്ധ്യപ്പെടുത്തിയുമാണ് ഇടതുസർക്കാർ നീങ്ങുന്നത്.

ബി.ജെ.പിയുടെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെക്കാൾ വിശ്വസിക്കാനാവുന്നത് ഇടതുപക്ഷത്തെയാണെന്ന് ജനങ്ങൾക്കറിയാം. സർവേ റിപ്പോർട്ടുകൾ പ്രസക്തമല്ല. 2011ൽ 40 സീറ്റ് ഇടതുപക്ഷത്തിന് സർവേകൾ പ്രവചിച്ചിടത്ത് 68 സീറ്റ് കിട്ടി.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കോൺഗ്രസുമായി മുന്നണിയില്ല. പശ്ചിമബംഗാളിലുൾപ്പെടെ നേട്ടം കൊയ്യുമെന്നും ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്ന ചിലരുടെ സ്വപ്നം നടക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

പി.ജെ. ജോസഫിന്റെ വെടി

കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിലെ കലഹത്തിൽ പി.ജെ. ജോസഫിന്റെ നിലപാട് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് പി.ജെ. ജോസഫ് പൊയ്‌വെടി വയ്ക്കുന്നതല്ലാതെ ശരിയായ വെടി പൊട്ടിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇടയ്ക്കിടെ അദ്ദേഹം വെടി പൊട്ടിക്കുന്നത് ലക്ഷ്യത്തിലെത്തുന്നില്ല. ശരിയായ വെടി വയ്ക്കാൻ പരിശീലനം അദ്ദേഹത്തിന് കിട്ടിയെന്ന് ബോദ്ധ്യപ്പെടട്ടെ, അപ്പോൾ ആലോചിക്കാം.