dronar

മഹാത്മ മുല്ലപ്പള്ളി ഗാന്ധി വടക്കുനിന്ന് തെക്കോട്ടൊരു യാത്ര നടത്തുന്നതും മഹാത്മ ഗാന്ധി ദണ്ഡിയാത്ര നടത്തി ഉപ്പുകുറുക്കിയതും ഒന്നുപോലെയാണ്. കൈയിലൊരു ഉപ്പുചാക്ക് കരുതിയാണ് മഹാത്മ മുല്ലപ്പള്ളി ഗാന്ധി സദാപി സഞ്ചരിക്കാറ്. ആ ചാക്കിനകത്ത് ചന്ദ്രഗിരിപ്പുഴ തൊട്ട് തെക്ക് കരമനയാറ് വരെയുള്ള കടവുകളിൽ നിന്ന് കുറുക്കിയെടുത്ത ഉപ്പാണെന്ന രഹസ്യമറിയാവുന്നത് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ ഗാന്ധിക്ക് മാത്രമാണ്. മഹാത്മഗാന്ധി ദണ്ഡിയാത്ര നടത്തി എന്ന് രേഖപ്പെടുത്തി വച്ചതുപോലെ ചരിത്രകാരന്മാർ മുല്ലപ്പള്ളി ഗാന്ധി ജനമഹായാത്ര നടത്തി എന്ന് രേഖപ്പെടുത്തി വച്ചിട്ടുണ്ടെങ്കിലും അത് പരസ്യപ്പെടുത്തിയിട്ടില്ല. ജനമഹായാത്ര ഒരു കരയ്ക്കെത്താതെ അത് ചെയ്യുന്നത് ശരിയാവില്ലെന്നത് കൊണ്ടാണത്. ഫെബ്രുവരി 28ന് തിരോന്തോരത്ത് പുത്തരിക്കണ്ടത്ത് ആ യാത്ര ഒരുവിധം കരയ്ക്കടുക്കുമെന്നും അതിന്റെ പിറ്റേന്ന് ചരിത്രം പിറക്കുമെന്നുമാണ് കെ.പി.സി.സിയിലെ പാലോട്‌ രവി തൊട്ടിങ്ങോട്ടുള്ള സാഹിത്യവല്ലഭന്മാരും ചരിത്രാന്വേഷകരും അടക്കം പറയുന്നത്.

ജനമഹായാത്രയിൽ മുല്ലപ്പള്ളി ഗാന്ധിയുടെ കൈയിലെ ഉപ്പ് ചാക്ക് പോലെ തന്നെ പ്രധാനമാണ് നോട്ടെണ്ണൽ യന്ത്രവുമെന്നാണ് ചരിത്രകാരന്മാരുടെ മറ്റൊരു നിരീക്ഷണം. മണ്ഡലം കമ്മിറ്റികൾ പിരിച്ചുകൊടുക്കുന്ന പന്ത്രണ്ടായിരം ഉറുപ്പിക കിറുകൃത്യമാണോ എന്ന് ഉറപ്പിക്കുന്നത് ഈ നോട്ടെണ്ണൽ യന്ത്രത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയിട്ടാണ്. ഇത് കെ.എം. മാണിസാറിന്റെ വകയായിരുന്നത് കെ.പി.സി.സിയിലേക്ക് കണ്ടുകെട്ടിയതാണെന്ന് കോടിയേരി സഖാവ് പറഞ്ഞുനടക്കുന്നുണ്ട്. മാണിസാറിന് പണ്ടെങ്ങോ ബാറിടപാടിൽ തടഞ്ഞ ഗാന്ധിത്തലകൾ എണ്ണാൻ കരുതിവച്ചതാണെന്നാണ് സഖാവിന്റെ കണ്ടെത്തൽ. സഖാവിന് സഖാവിന്റേതായ ഇന്റലിജന്റ്സ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞുനടക്കുന്നതെങ്കിലും മുല്ലപ്പള്ളി ഗാന്ധി അത് കാര്യമാക്കിയിട്ടില്ല.

പക്ഷേ ചില മണ്ഡലം കമ്മിറ്റികൾ ചെയ്ത ചെയ്‌ത് ക്രൂരമായിപ്പോയി. നോട്ടെണ്ണൽയന്ത്രത്തിൽ തിരിച്ചും മറിച്ചും എണ്ണിയിട്ടും ഈ കമ്മിറ്റിക്കാർ പിരിച്ചുകൊടുത്ത ദുട്ട് ഏഴായിരത്തിനപ്പുറത്തേക്ക് കടക്കുന്നില്ലത്രെ. അങ്ങനെയാണ് കൈയോടെ കാസർകോട്ടെ ചില മണ്ഡലംകമ്മിറ്റികളെ പിരിച്ചുവിടാൻ മുല്ലപ്പള്ളി ഗാന്ധി നിർബന്ധിതനായത്. തിരഞ്ഞെടുപ്പുകാലത്ത് നയാപൈസ കൈയിലില്ലാതെ ഗാന്ധിക്കെങ്ങനെയാണ് കാര്യങ്ങൾ കൊണ്ടുപോകാൻ സാധിക്കുക? പത്താം നമ്പ‌ർ ജനപഥിലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് ചില്ലറയല്ല. അതുകൊണ്ട് മുല്ലപ്പള്ളി ഗാന്ധിക്ക് സ്വയംപര്യാപ്തമാവാതെ പറ്റില്ല. അങ്ങനെയാണ് മണ്ഡലം കമ്മിറ്റിക്കാരോട് കാലണവീതം പിരിച്ച് പന്ത്രണ്ടായിരം തികച്ച് നൽകാൻ ആവശ്യപ്പെട്ടത്.

ഇന്നത്തെ കാലത്ത് കാലണ തന്നെ പിരിക്കാൻ പെടുന്ന പാട് ചില്ലറയല്ലെങ്കിലും മണ്ഡലക്കാർ പരമാവധി ആഞ്ഞുപിടിച്ചെന്നാണ് പറയുന്നത്. പക്ഷേ എന്തു ചെയ്യാനാണ് ! മുല്ലപ്പള്ളി ഗാന്ധിക്ക് ആ വേദന മനസിലാവില്ല. ഉപ്പ് കുറുക്കുന്ന ലാഘവത്തോടെ മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടാനൊരുമ്പെട്ടത് അതിനാലാണ്.

തിരഞ്ഞെടുപ്പുകാലത്ത് ഉള്ള കമ്മിറ്റികളെ കൂടി പറഞ്ഞുവിട്ടാൽ കഥയെന്താകുമെന്ന് ചോദിച്ചാൽ ഒരന്തവും കുന്തവും പിടികിട്ടിയെന്ന് വരില്ല. പക്ഷേ, പൂച്ച പെറ്റു കിടക്കുന്ന ഇന്ദിരാഭവനിലെ ഖജനാവിനെ നോക്കുമ്പോൾ കണ്ണ് നിറയുന്ന ഗാന്ധിക്ക് ഇതല്ലാതെ പിന്നെന്ത് വഴി! തിരഞ്ഞെടുപ്പാണെങ്കിൽ ഇങ്ങടുത്തെത്തുകയും ചെയ്തു.

ഇങ്ങനെ പോയാൽ തിരുവനന്തപുരത്ത് ജനമഹായാത്ര എത്തുമ്പോൾ മണ്ഡലംകമ്മിറ്റികളൊന്നും ബാക്കിയുണ്ടാവില്ലെന്ന കോടിയേരി സഖാവിന്റെ പരിഹാസം കണ്ണിൽ ചോരയില്ലാത്തതാണ്. പട്ടിണി കിടക്കുന്നവനേ വിശപ്പിന്റെ വിലയറിയൂ.

...........................................

മാണിസാറിന്റെ ഇരിപ്പൂകൃഷി വിരിയുന്നത് ജോസ്‌മോന്റെ കേരളയാത്ര ഒരു കരയ്ക്കടുക്കുമ്പോഴാണെന്ന് മനസിലാകാത്തവരാരും ഈ ഭൂലോകത്ത് ജീവിച്ചിരിപ്പുണ്ടാവില്ല. ആ കൃഷി വിരിഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അത് സൃഷ്ടിക്കാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും പുഷ്പകൃഷി തൊട്ട് കന്നുകാലിവളർത്തൽ വരെ ശീലമുള്ള പി.ജെ. ജോസഫിന് ആരും പറഞ്ഞ് കൊടുക്കേണ്ടതുമില്ല.

ആ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുത്തുനിറുത്താനാണ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ജോസഫ് സാർ പ്രാ‌ർത്ഥനായജ്ഞം നടത്തിയത്. എന്നാൽ, ജോസഫിനെയും വെല്ലുന്ന കർഷകശ്രീമാനായ മാണിസാറിന് ഈ പ്രാർത്ഥനായജ്ഞം കണ്ടിട്ട് മനസിൽ ചിരി പൊട്ടുകയായിരുന്നുവത്രെ. ജോസ് മോന്റെ ജാഥ തിരഞ്ഞെടുപ്പ് കാലത്ത് സർവസാധാരണമല്ലെന്ന് ജോസഫ്സാറിന് നല്ലപോലെ അറിയാം. വർക്കിംഗ് ചെയർമാന്റെ വർക്കുകളെ ഇല്ലാതാക്കാനുള്ള കുരുട്ടുവിദ്യയാണ് അതെന്നാണ് ജോസഫിന്റെ ബോദ്ധ്യം.

കർണ്ണൻ കവചകുണ്ഡലങ്ങൾ ദാനം ചെയ്തതിന് ശേഷമുണ്ടായ ഏറ്റവും വലിയ ദാനമായിരുന്നല്ലോ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ദാനം. ആ സീറ്റ് മാണിസാർ കൈപ്പറ്റി കൈയോടെ ജോസ്‌മോന് കൈമാറിയതാണ്. കൈപ്പറ്റുന്നതും കൈമറിയുന്നതും പോലും ആരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്. കോട്ടയം ലോകസഭാ സീറ്റ് ഇനി മാണിസാർ ആർക്കാണ് പതിച്ചു നൽകുക എന്നതിലെ ആധി കലശലായ മാത്രയിലാണ് ജോസഫിൽ ചില കാലാവസ്ഥാ വ്യതിയാന ആകുലതകൾ ഉരുണ്ടുകൂടിയത്. വർക്കിംഗ് ചെയർമാനായ താനിരിക്കുമ്പോൾ വൈസ് ചെയർമാനായ ജോസ്‌മോൻ ചെയർമാനായാൽ അതൊരു ലക്ഷണമൊത്ത കാലാവസ്ഥാവ്യതിയാനം തന്നെയാണ്. തലയിരിക്കുമ്പോൾ വാല് ആടരുതല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പും ജോസ്‌മോന്റെ ജാഥയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്ന് ജോസഫ്സാർ ചിന്തിക്കുന്നതും ഇത്തരം ആകുലതകളുള്ളതിനാലാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com